ഭക്തരെ തടഞ്ഞുള്ള എഡിജിപി ശ്രീലേഖയുടെ ശബരിമല ദര്‍ശനം; അഭ്യന്തര വകുപ്പ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ഭക്തരെ തടഞ്ഞു നിര്‍ത്തി എ.ഡി.ജി.പി: ആര്‍. ശ്രീലേഖയ്ക്കും ബന്ധുക്കള്‍ക്കും ശബരിമലയില്‍ പതിനെട്ടാംപടി കയറി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെ പമ്പയിലെത്തിയ എ.ഡി.ജി.പി. പത്മകുമാറാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പമ്പയില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ വല്‍സനോടാണ് എ.ഡി.ജി.പി വിവരങ്ങള്‍ ആരാഞ്ഞത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖയ്ക്കും ബന്ധുക്കള്‍ക്കും ദര്‍ശനത്തിനായി ഞായറാഴ്ച രാത്രി ഏഴിന് ഭക്തരെ പതിനെട്ടാം പടിക്ക് താഴെ തടഞ്ഞതാണ് വിവാദമായിരിക്കുന്നത്. ശ്രീലേഖയും ബന്ധുക്കളും പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുന്നതു വരെ തീര്‍ഥാടകരെ കടത്തി വിടാതിരിക്കാന്‍ പതിനെട്ടാം പടിക്കു മുന്നില്‍ പോലീസ് വലയം തീര്‍ത്തിരുന്നു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഭക്തര്‍ക്കൊപ്പമാണു പതിനെട്ടാംപടി കയറുക. വി.ഐ.പികള്‍ക്കു വേണ്ടി ഒരിക്കല്‍പോലും പതിനെട്ടാംപടിക്കു താഴെ ഭക്തരെ തടഞ്ഞ സംഭവം ഉണ്ടായിട്ടില്ല.
ശ്രീലേഖയ്ക്കുവേണ്ടി ശബരിമലയില്‍ പോലീസ് പുതിയചട്ടം ഉണ്ടാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് എ.ഡി.ജി.പിക്കു സുഖദര്‍ശനം ഒരുക്കിയത്. വി.ഐ.പികളുടെ ദര്‍ശനത്തിനായി ഭക്തരെ ബുദ്ധിമുട്ടിക്കില്ലെന്നു ശബരിമല അവലോകന യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha