സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസുമായി ബന്ധം, ടി.ഒ. സൂരജിനെത്തെടി സിബിഐയും
അനധികൃത സ്വത്തുസമ്പാദന കേസില്‍ നടപടി നേരിടുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെ കളമശേരി ഭൂമിതട്ടിപ്പുകേസില്‍ സി.ബി.ഐയും ചോദ്യംചെയ്യും. ഭൂമിതട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ നേരത്തേ വിജിലന്‍സ് ചോദ്യംചെയ്തപ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജിന്റെ ഇടപെടലുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ സ്വാധീനം ചെലുത്തി കേസ് ഒതുക്കുകയായിരുന്നു.
എറണാകുളം കളമശേരി തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എന്‍.എ. ഷറീഫയുടെ 25 കോടി വിലയുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ സൂരജിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സൂരജിന്റെ നേതൃത്വത്തില്‍ ലാന്‍ഡ് റവന്യൂകമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് കളമശേരി ഭൂമിയിടപാടിന്റെ ഫയലുകള്‍ കൈകാര്യംചെയ്തത്. തണ്ടപ്പേര് റദ്ദാക്കിക്കൊണ്ട് സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമായതെന്നാണ് സി.ബി.ഐ നിഗമനം.
വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ കണ്ടെടുത്തതായും അറിയുന്നു. അടുത്തദിവസം തന്നെ വിജിലന്‍സ് സൂരജിനെ ചോദ്യംചെയ്യും. ഇതിനുപിന്നാലെയാവും സി.ബി.ഐ നടപടികള്‍.
ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍കോടതിയാണെന്നിരിക്കേ സൂരജ് അധികാരദുര്‍വിനിയോഗം നടത്തുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ ഇടപെടലാണ് ക്രമക്കേടുകള്‍ക്ക് തുടക്കമിട്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് വിശദമായ അന്വേഷണം നടത്തണമെന്നും രേഖകള്‍ എത്രയുംവേഗം പിടിച്ചെടുക്കണമെന്നുമുള്ള ഡി.ജി.പിയുടെ ശുപാര്‍ശയും തള്ളിക്കളഞ്ഞ് അന്ന് സൂരജിനേയും കൂട്ടരേയും സര്‍ക്കാര്‍ സംരക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha