അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കു പിന്നില്‍ കീടനാശിനിയല്ല, ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍ കീടനാശിനികളുടെ പ്രയോഗമാണെന്ന ആരോഗ്യവകുപ്പിന്റെ വാദം പൊളിയുന്നു. ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
2014 ജനുവരി മുതല്‍ നവംബര്‍ വരെ 19 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ശിശുമരണങ്ങള്‍ക്ക് കാരണം ആദിവാസി സ്ത്രീകളിലെ പോഷകാഹാരക്കുറവും വിളര്‍ച്ചയും തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തലയോട്ടി ഇല്ലാതെയും തലച്ചോറിന് ഒട്ടും വളര്‍ച്ചയില്ലാതെയും വരുന്ന അവസ്ഥയാണ് അനെന്‍കെഫാലി. ഗര്‍ഭിണിയില്‍ ഫോളിക് ആസിഡിന്റെ കുറവ് ഉണ്ടാകുമ്പോഴാണ് കുഞ്ഞ് ഈ അവസ്ഥയില്‍ ജനിക്കുക. കീടനാശിനി പ്രയോഗമാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ആരോഗ്യവകുപ്പ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
മരണപ്പെട്ട 83 ശതമാനം കുഞ്ഞുങ്ങളും തൂക്കക്കുറവുള്ളവരാണ്. ശിശുമരണങ്ങള്‍ക്ക് ഇടയായ പല കേസുകളിലും കൃത്യമായി ഗര്‍ഭകാല പരിചരണം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതായി കാണുന്നു. ഗര്‍ഭിണിയുടെ തൂക്കം രേഖപ്പെടുത്തുന്നതില്‍ പോലും വീഴ്ചയുണ്ടായി. ഗര്‍ഭിണികളിലെ വിളര്‍ച്ച പരിഹരിക്കാനായി അയണ്‍, ഫോളിക് ഗുളികകള്‍ നല്‍കണം എന്നാല്‍ പലരും ഗര്‍ഭിണിയെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പോലും നാല് മാസങ്ങള്‍ കഴിഞ്ഞിട്ടാണ്.
ഈ കാലയളവില്‍ ലഭിക്കേണ്ട കുത്തിവയ്പുകളോ മരുന്നുകളോ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വിളര്‍ച്ചയുണ്ടോ എന്നറിയാന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഗര്‍ഭിണിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്‍ കണ്ടന്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യവിലോപങ്ങളാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ഗര്‍ഭിണികളുടെ പരിചരണം ഉറപ്പാക്കുന്നതിനും പോഷകാഹാരം ലഭ്യമാക്കുന്നതിനും ലക്ഷങ്ങള്‍ ചെലവഴിച്ച കണക്കുകള്‍ സര്‍ക്കാര്‍ നിരത്തുന്നു. എന്നാല്‍ മറുവശത്ത് ആരോഗ്യവകുപ്പിന്റെ ഗുരുതര കൃത്യവിലോപം വ്യക്തമാക്കുകയാണ് ഈ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha