കേരളം പക്ഷിപ്പനിപ്പേടിയില്‍; ജനങ്ങള്‍ ഇറച്ചി ഉപേക്ഷിക്കുന്നു... ചിക്കന് വില കുത്തനെ കുറയും; ചില മുന്‍കരുതലുകള്‍ ഇതാ...
കോട്ടയം ആലപ്പുഴ ഭാഗങ്ങളില്‍ കൂട്ടത്തോടെ ആയിരക്കണക്കിന് കോഴിയും താറാവുകളും ഉള്‍പ്പടെ ചത്തടിഞ്ഞതോടെ കേരളം ഭീതിയിലായി. പക്ഷിപ്പനി മൂലമാണ് വളര്‍ത്തു പക്ഷികള്‍ ചത്തടിയുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ ജില്ലകളില്‍ മാത്രം രണ്ടു ലക്ഷത്തോളം വളര്‍ത്തു പക്ഷികളാണ് ചത്തടിഞ്ഞത്. ഇതോടെ കേരളം കടുത്ത ആശങ്കയിലാണ്.
കേരളത്തില്‍ ഒരു നേരമെങ്കിലും ഇറച്ചിയോ മുട്ടയോ കഴിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ പക്ഷിപ്പനി കേരളത്തിന്റെ താളം തെറ്റിക്കും. പക്ഷിപ്പനിയെന്നു കേട്ടാലേ ചിക്കന്‍ ദീര്‍ഘ കാലം ഉപേക്ഷിക്കുന്ന ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍. ആ നിലയ്ക്ക് ഭീതിയിലാണ് കേരളത്തിന്റെ മൃഗ സംരക്ഷണ മേഖലയും. എന്നാല്‍ നന്നായി പാചകം ചെയ്ത് കഴിച്ചാല്‍ പക്ഷിപ്പനി വരില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കേരളം ആശങ്കയിലായിരിക്കുന്ന ഈ സമയത്ത് പക്ഷിപ്പനിയെപ്പറ്റി കൂടുതലറിയാം.
എന്താണ് പക്ഷിപ്പനി?
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. പക്ഷിപ്പനി. (ഇംഗ്ലീഷ്: Avian flu, Bird flu) പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം 2003 ല്‍ ഏഷ്യയാകെ ഭീതി വിതയ്ക്കുകയുണ്ടായി. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്‌സോ വൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ് പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം. കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളെയും മറ്റു പക്ഷികളെയും പക്ഷിപ്പനി ബാധിക്കും.
ലക്ഷണങ്ങള്‍
തൂവലുകള്‍ അലങ്കോലപ്പെടുക, മുട്ടയുടെ എണ്ണം കുറയുക എന്നീ ലക്ഷണങ്ങളോടെ ഉണ്ടാകുന്ന പക്ഷിപ്പനി താരതമ്യേന അപകടരഹിതമാണ്.
ഇറച്ചിക്കോഴികളെ ബാധിക്കുന്ന രണ്ടാമത്തെ ഇനം പക്ഷിപ്പനി മാരകവും അതിവേഗം പടരുന്നതുമാണ്. ഇത്തരം പനിബാധിച്ച കോഴികള്‍ 48 മണിക്കൂറിനകം ചാകും.
രോഗ ലക്ഷണങ്ങള്‍ മനുഷ്യരില്‍
സാധാരണയായി പക്ഷികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വൈറസുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരില്‍ കടന്നു രോഗമുണ്ടാക്കുന്നു. പക്ഷികളുടെ വിസര്‍ജ്യവസ്തുക്കളില്‍നിന്നും ശരീരദ്രവങ്ങളില്‍നിന്നുമാണു രോഗം പകരുന്നത്.
സാധാരണ പനിയുടെ ലക്ഷണങ്ങളുമായി ആരംഭിക്കുന്ന അസുഖത്തെത്തുടര്‍ന്നു ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, പേശിവേദന, തൊണ്ടവേദന, അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുക തുടങ്ങിയവയുണ്ടാകാം. രോഗം വന്ന പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്താണ്.
ചില മുന്‍കരുതലുകള്‍
വളര്‍ത്തു പക്ഷികളില്‍ എന്തെങ്കിലും രേഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടര്‍മാരെ വിവരം അറിയിക്കുക. മുന്‍കരുതല്‍ ഇല്ലാതെ രോഗം ബാധിച്ചവയെ കൊന്നാല്‍ രോഗം മനുഷ്യരിലേക്ക് വ്യാപിക്കാം. പക്ഷിപ്പനി ബാധിച്ച ജീവികളുടെ മാംസം, മുട്ട, കാഷ്ടം തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
പച്ചമുട്ട ഒഴിവാക്കുക
പക്ഷിയിറച്ചി, മുട്ട എന്നിവ എടുക്കുകയാണെങ്കില്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാതി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക.
ഇറച്ചി കഴിക്കാം, നന്നായി വേവിക്കുക
മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ എന്നിവ നന്നായി വേവിച്ച് കഴിക്കുക. രോഗബാധയുള്ള പ്രദേശങ്ങളില്‍ ഇറച്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. രോഗബാധയുള്ള സ്ഥലങ്ങളില്‍ ഇവയുടെ ഇറച്ചി 70 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ പാകംചെയ്തു കഴിക്കാം. പകുതി പാകത്തിലുള്ള ഒരു ഇറച്ചി വിഭവവും കഴിക്കരുത്. മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നു മുക്തമല്ല. ഫ്രിജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും പക്ഷിപ്പനി വൈറസ് നശിക്കില്ല.
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇവന്‍ എത്തുന്നത് പ്രധാനമായും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേയ്ക്ക് തെറിയ്ക്കുന്ന സ്രവങ്ങളില്‍ക്കൂടിയാണ്.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha