പക്ഷിപ്പനി: ആശങ്കയോടെ കേരളം, മൂന്ന് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു, ആശങ്കയില്ലെന്ന് ആഭ്യന്തര മന്ത്രി, സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പുറമേ എറണാകുളം, ഇടുക്കി ജില്ലകളില്‍ കൂടി ജാഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം മലപ്പുറം ജില്ലയില്‍ ഒരു ദേശാടന പക്ഷി ചത്തത് പക്ഷിപ്പനിമൂലമാണന്ന് സംശയമുണ്ട്. എന്നാല്‍ രോഗം ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ല. രോഗം ബാധിച്ച താറാവുകളുടെ കണക്കെടുപ്പും ബോധവല്‍ക്കരണവും മാത്രമാണ് ഇന്നുണ്ടാവുക. താറാവുകളെ കൊല്ലുന്ന സംഘത്തിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള സാവകാശത്തിനു വേണ്ടിയാണ് ഇതെന്ന് ആഗോഗ്യവകുപ്പ്‌വ്യക്തമാക്കി.
അതേസമയം, രോഗബാധ കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ നാലു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കുട്ടനാട്ടില്‍ കണ്ടെത്തിയത് തീവ്രതയേറിയ പക്ഷിപ്പനിയെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പക്ഷിപ്പനിക്ക് തീവ്രതയേറെയെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോഴും രോഗം ജനങ്ങളിലേക്ക് പകരുന്ന സാഹചര്യം നിലവിലില്ലെന്നാണ് ആലപ്പുഴയില്‍ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍.
ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത ഭഗവതിപ്പടിയ്ക്കല്‍, നെടുമുടി, തകഴി, പുറക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ മേഖലയിലെ താറാവുകളെ കൊന്നൊടുക്കിയുളള രോഗപ്രതിരോധത്തിന് ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട നഷ്ടപരിഹാര തുക ഉയര്‍ത്തുന്ന കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും.
എന്നാല്‍ കോട്ടയം ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം പഞ്ചായത്തുകളില്‍ ഇന്നു തുടങ്ങി പക്ഷികളെ കൊന്നൊടുക്കും. ആറുപേരടങ്ങിയ പത്തു ടീമുകളെ ഇതിനായി നിയോഗിച്ചു. നിലവിലെ കണക്കനുസരിച്ച് 25,000 പക്ഷികളെ കൊല്ലേണ്ടി വരും. നാലുമുതല്‍ ആറു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ സമയ മെഡിക്കല്‍ ടീമിന്റെ സേവനവും ഈ പഞ്ചായത്തുകളില്‍ ലഭ്യമാക്കും.
മാംസത്തിന്റെയും മുട്ടയുടെയും വിപണനവും ഉപഭോഗവും താല്‍ക്കാലികമായി നിരോധിച്ചു. അതേസമയം, മുന്‍കരുതല്‍ എന്ന നിലയില്‍ കുമരകം പക്ഷി സങ്കേതം താല്‍ക്കാലികമായി അടച്ചു.
സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യ സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എച്ച് 5 വിഭാഗത്തില്‍പെട്ട വൈറസാണ് രോഗകാരണമായതെന്ന് വിദഗ്ദ്ധ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള വൈറസാണ്. അതിനാല്‍ അതീവ ജാഗ്രത വേണമെന്നും അരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha