ബാറുടമകളെ കണ്ടിട്ടില്ലന്ന് വിജിലന്‍സിന് കെഎം മാണിയുടെ മൊഴി; ആരോപണത്തില്‍ തെളിവില്ലന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമകളെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും കോഴയോ തിരഞ്ഞെടുപ്പുഫണ്ടോ പാര്‍ട്ടിഫണ്ടോ ഇവരില്‍നിന്നും വാങ്ങിയിട്ടില്ലെന്നും മന്ത്രി കെ. എം. മാണി വിജിലന്‍സിന് മൊഴി നല്‍കി. ഇരുപത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഇന്നലെ രാവിലെ അന്വേഷണസംഘം മന്ത്രിയുടെ ഓഫീസിലെത്തിച്ചു. തുടര്‍ന്ന് വൈകിട്ട് 3.30 ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി ചോദ്യാവലിക്കുള്ള മറുപടി എഴുതി വാങ്ങുകയായിരുന്നു. വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ്.പി രാജ്‌മോഹന്‍, ഡിവൈ.എസ്.പി സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം ഉന്നയിച്ച ബാറുടമകളില്‍ പലരേയും കണ്ടിട്ടുപോലുമില്ല. മിക്കവരെക്കുറിച്ചും അറിയുന്നത് പത്രവാര്‍ത്തകളിലൂടെ മാത്രമാണ്. പാലായിലെ വസതിയില്‍ നൂറുകണക്കിന് പേരാണ് വരാറുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ എത്തും. അവര്‍ക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കാറുണ്ട്. എന്നാല്‍, എല്ലാവരെയും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കില്ല. ഇക്കൂട്ടത്തില്‍ ബാര്‍ഉടമകള്‍ വന്നോ ഇല്ലയോ എന്ന് ഓര്‍ത്തെടുത്ത് പറയാനാകില്ല.
ബാറുകള്‍ക്കെതിരായി ശക്തമായ നിലപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്. അതിനാല്‍ ധാരാളം ശത്രുക്കളുണ്ട്. അങ്ങനെയുണ്ടായ അടിയൊഴുക്കുകളാണ് ബാര്‍കോഴ വിവാദത്തില്‍ ചെന്നെത്തിയത്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ അത് നിഷേധിച്ചിട്ടുണ്ട്. തെളിവുകള്‍ നിരത്തുമെന്ന് വിളംബരം നടത്തിയവര്‍ ഇപ്പോള്‍ മൊഴി നല്‍കാന്‍ പോലും എത്താത്തത് ആരോപണങ്ങളില്‍ കഴമ്പില്ലാത്തത് കൊണ്ടാണ്. ബാര്‍ ഉടമകളുടെ മലക്കം മറിച്ചിലിലൂടെ പൊതുജനത്തിന് സത്യാവസ്ഥ ബോധ്യമായെന്നും മാണി പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി ഉരുത്തിരിഞ്ഞ വിവാദങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും മാണി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
മാണിയുടെ മൊഴി രേഖപ്പെടുത്തിയതോടെ പ്രാഥമിക അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. പലവട്ടം നോട്ടീസ് നല്‍കിയിട്ടും 11 ബാറുടമകള്‍ മൊഴിനല്‍കിയില്ല. മാണിക്കെതിരേ ആരോപണമുന്നയിച്ച ബിജുരമേശ് കോഴയിടപാടിന്റെ തെളിവും കൈമാറിയിട്ടില്ല. നടപടികള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഹൈക്കോടതിയില്‍ രണ്ടും വഞ്ചിയൂര്‍ കോടതിയില്‍ ഒന്നും റിട്ട് ഹര്‍ജി നല്‍കിയവരുടെ മൊഴിരേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha