ടിഒ സൂരജിനെതിരെ കേസുകളുടെ പെരുമഴ, അരവണക്കരാര്‍ അഴിമതിയും വിജിലന്‍സ് അന്വേഷിക്കുന്നു
ചെറുകിട വ്യവസായ കൗണ്‍സില്‍ ചെയര്‍മാനായിരിക്കെ ടി.ഒ. സൂരജ് ശബരിമലയിലെ അരവണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് വഴിവിട്ട സഹായം ചെയ്‌തെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.അരവണ കരാര്‍ എടുത്ത പഞ്ചമി എന്ന കമ്പനിയെ വഴിവിട്ട് സഹായിച്ചെന്നാണ് പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്‌ളോയീസ് കോണ്‌ഫെഡറേഷനാണ് പരാതി നല്‍കിയിട്ടുള്ളത്. 1999ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഞ്ചമിക്ക് അരവണ നിര്‍മാണ കരാര്‍ നല്‍കിയത്.
കരാറിന് പിന്നില്‍ തിരിമറിയുണ്ടെന്ന ആക്ഷേപം അന്നേ ശക്തമായിരുന്നു. എട്ടു വര്‍ഷത്തിനുശേഷം 2008ല്‍ എട്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പഞ്ചമി ചെറുകിട വ്യവസായ കോര്‍പറേഷനെ സമീപിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന സൂരജിനായിരുന്നു അന്ന് ചെറുകിട വ്യവസായ കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതല. മൊഴി രേഖപ്പെടുത്താന്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളെ അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയേക്കും.
കമ്പനിക്ക് ഒത്താശ സൂരജ് ചെയ്തുകൊടുത്തതിലൂടെ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. മലബാറിലെ കേയി കുടുംബാംഗങ്ങളുടെ പേരില്‍സൗദി അറേബ്യയിലുള്ള 5000 കോടി രൂപ വീതംവെച്ചതില്‍ നോഡല്‍ ഓഫിസറായിരുന്ന സൂരജിന് പങ്കുണ്ടെന്ന് ആരോപിച്ച് കേയി കുടുംബാംഗങ്ങളും അന്വേഷണ സംഘത്തെ സമീപിച്ചിട്ടുണ്ട്. സൂരജിനെതിരെ വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില് അന്വേഷണം സങ്കീര്‍ണമാകുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha