കൊല്ലത്തെ കസ്റ്റഡി മരണം; പോലീസുകാര്‍ക്ക് ജീവപര്യന്തം
മോഷ്ടാവെന്നു സംശയിച്ചു കസ്റ്റഡിയിലെടുത്ത നിരപരാധിയായ യുവാവ് പൊലീസ് മര്‍ദനമേറ്റു മരിച്ച കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് ജീവപര്യന്തം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ പുത്തന്‍വീട്ടില്‍ എസ്. ജയകുമാര്‍ (47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ എം. വേണുഗോപാല്‍ (48) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇരുവരും ഒരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. അഡിഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ കുറ്റക്കാരാണെന്നു കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാംകുളം രാജ് നിവാസില്‍ രാജേന്ദ്രന്‍ (37) മര്‍ദനമേറ്റു മരിച്ച കേസിലാണു കൊലപാതകം, തെറ്റായ കുറ്റസമ്മതം നടത്താന്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍ വകുപ്പുകള്‍ പ്രകാരം പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
ജയകുമാര്‍ കൊല്ലം സിറ്റി ഡിസിആര്‍ബിയിലും വേണുഗോപാല്‍ ഇരവിപുരം സിഐ ഓഫിസിലും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ്. സംഭവം നടക്കുമ്പോള്‍ കൊല്ലം ഈസ്റ്റ് സിഐ ഓഫിസിലെ ക്രൈം സ്‌ക്വാഡിലായിരുന്നു ഇരുവരും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടാണു ലോഷന്‍ വിതരണ കമ്പനി പ്രതിനിധിയായ രാജേന്ദ്രനെ 2005 ഏപ്രില്‍ ആറിനു കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷന്‍ വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ കൊണ്ടു പോയി ചോദ്യം ചെയ്യുന്നതിനിടെ മൂന്നാംമുറ പ്രയോഗിച്ചപ്പോള്‍ രാജേന്ദ്രന്‍ മരിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha