നേതാക്കള്‍ ഇത് കാണുന്നുണ്ടോ? മകളുടെ കല്യാണം വീട്ടില്‍ നടത്താന്‍ സമ്മതിക്കാതെ സി.പി.എം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
വീണ്ടും ഒരു സി.പി.എം. ക്രൂരത. 60 വയസ്സുള്ള വികലാംഗന് മകളുടെ വിവാഹം നടത്താന്‍ ഊരുതെണ്ടി അലയേണ്ടി വന്നു. ഒടുവില്‍ കണ്ണൂര്‍ പെരളശേരി കിലാലൂരില്‍ അംഗപരിമിതനായ എം.കെ. നാരായണന്റെ സഹായത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. തന്റെ മകളുടെ വിവാഹം വീട്ടില്‍ നടത്താന്‍ അനുവദിക്കാതെ ഊരുവിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇടപെട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 നാണ് നാരായണന്റെ മകള്‍ കെ.എസ്.ആര്‍.റ്റി.സി കണ്ടക്ടറായ എം.കെ. ജസീനയുടെ വിവാഹം കിലാലൂരിലെ വീട്ടില്‍ നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെപ്റ്റംബര്‍ 6 ന് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ നാരായണന്റെ വീട്ടിലേക്കുള്ള റോഡില്‍ കല്ലും മരവും ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചു.
ചക്കരക്കല്‍ പോലീസിന് നാരായണന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് സെപ്റ്റംബര്‍ 8 ന് തടസം നീക്കി. എന്നാല്‍ പോലീസ് മടങ്ങിയ ശേഷം സി.പി.എം പ്രവര്‍ത്തകര്‍ കല്ലും മരവും ഉപയോഗിച്ച് വീണ്ടും റോഡില്‍ തടസ്സം സൃഷ്ടിച്ചു. രണ്ട് ടിപ്പര്‍ ലോറികളില്‍ ചെളിമണ്ണ് കൊണ്ടിട്ട് കാല്‍നടയാത്ര പോലും തടസ്സപ്പെടുത്തി. ഒന്‍പതിന് രാവിലെ വീണ്ടും പോലീസ് എത്തി സി.പി. എമ്മുകാരോട് തടസ്സം നീക്കാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
വീട്ടിലെ കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചതിനെതിരെ നാരായണന്‍ നല്‍കിയ പരാതി പിന്‍വലിക്കാതെ തടസം നീക്കില്ലെന്നായിരുന്നു സി.പി.എം നിലപാട്. കഴിഞ്ഞ രണ്ടു കൊല്ലമായി താന്‍ സി.പി.എമ്മിന്റെ ഊരുവിലക്ക് അനുഭവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. പറമ്പില്‍ തേങ്ങ പറിക്കാനോ പറമ്പ് കിളക്കാനോ തൊഴിലാളികളെ അനുവദിക്കാറില്ല.
അടച്ചവഴിയിലൂടെ കാല്‍നടയായി കല്യാണത്തിനു വന്നവരെ ഭീഷണിപ്പെടുത്തി. കല്യാണ സദ്യയുമായി വന്ന വണ്ടി തടഞ്ഞ് തലചുമടായി പോലും കൊണ്ടു പോകാന്‍ അനുവദിച്ചില്ല. വിവാഹപ്പന്തലില്‍ വന്നവരെ ഭീഷണിപ്പെടുത്തി. ചക്കരക്കല്‍ പോലീസ് നിഷ്‌ക്രിയമായി നോക്കി നിന്നെന്നും പരാതിയില്‍ പറയുന്നു.
ഗത്യന്തരമില്ലാതെ വിവാഹം ഏഴുകിലോമീറ്റര്‍ അകലെയുള്ള ശരവണപ്രിയ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. താലികെട്ടിനു പോകുന്ന വധുവിനെ തടയുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ തലേരാത്രി പെരളശേരിയിലുള്ള ഒരു ബന്ധുവീട്ടിലേക്ക് വധുവിനെ മാറ്റിപ്പാര്‍പ്പിച്ചു. ഇത്തരമൊരു പീഡനം ലോകത്ത് ഒരു പിതാവും അനുഭവിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. തനിക്കും മകള്‍ക്കും ഉണ്ടായ നഷ്ടത്തിനും മാനസിക പ്രയാസത്തിനും 44000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും ജില്ലാകളക്ടറും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് ഡിസംബര്‍ 26 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി ഉത്തരവിട്ടു. കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കാനും കമ്മീഷന്‍ ഉത്തരവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha