കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സില്‍ജി പൗലോസിനെ കാര്‍ തടഞ്ഞു നിര്‍ത്തി വെട്ടി; ബിസിനസ് തര്‍ക്കമെന്ന് സംശയം
കേരള വനിതാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റുമായ സില്‍ജി പൗലോസിനെ വടിവാള്‍ കൊണ്ടു വെട്ടി പരുക്കേല്‍പിച്ചു. സില്‍ജി ഓടിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. ഇന്നലെ രാത്രി എട്ടുമണിയോടെ കീഴൂര്‍ ഉദയഗിരിക്കു സമീപത്തായിരുന്നു ആക്രമണം. കീഴൂര്‍ സ്വദേശി ഷാജി എന്നയാളാണു വെട്ടിയതെന്നു സില്‍ജി പൊലീസിനു മൊഴിനല്‍കി.
ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. കീഴൂരുള്ള തറവാട്ടുവീട്ടില്‍ നിന്നു കടുത്തുരുത്തിയിലെ വീട്ടിലേക്കു കാര്‍ ഓടിച്ചുവരികയായിരുന്നു സില്‍ജി. പിന്നാലെ കാറില്‍ വന്ന ഷാജി കാര്‍ മുന്നില്‍ കയറ്റി കുറുകെ നിര്‍ത്തുകയും തലങ്ങും വിലങ്ങും വെട്ടുകയും ചെയ്‌തെന്നാണു സില്‍ജിയുടെ മൊഴി.
സില്‍ജി വിവരമറിയിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് പൗലോസ് സ്ഥലത്ത് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചോരയില്‍ കുളിച്ച അവസ്ഥയിലായിരുന്നു സില്‍ജി. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി വെട്ടേറ്റ സില്‍ജി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ ഇലക്‌ട്രോലൈസിസ് എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ സില്‍ജിയുടെ ഉടമസ്ഥതയില്‍ സ്ഥാപനം നടത്തുന്നുണ്ട്. കടുത്തുരുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഇലക്ട്രോലൈസിസിന് കോഴിക്കോട്, കോട്ടയം, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, തൊടുപുഴ, മലപ്പുറം, കൊട്ടാരക്കര, അങ്കമാലി, പാലാ, ആലപ്പുഴ, കണ്ണൂര്‍, കല്‍പ്പറ്റ, കൊല്ലം എന്നിവിടങ്ങളില്‍ ബ്രാഞ്ചുണ്ട്. കൂടുതല്‍ സ്ഥലത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണിവര്‍. അമേരിക്കയില്‍ നിന്ന് ഇലക്ട്രോലൈസില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയശേഷമാണ് മാനേജിങ് ഡയറക്ടറായി സില്‍ജി ക്ലിനിക് ആരംഭിച്ചത്. അമിത രോമവളര്‍ച്ച ഇല്ലാതാക്കുകയാണ് ഈ ക്ലിനിക്കിലൂടെ ചെയ്യുന്നത്. ഇക്കാര്യം വിവരിച്ച് സില്‍ജി നിരന്തരം പരസ്യവും നല്‍കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha