കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കും; ബീനാ കണ്ണന്‍ കോടതിയിലേക്ക്
എം.ജി. റോഡിലെ ശീമാട്ടി ടെക്‌സ്‌റ്റൈല്‍സിന്റെ 32.072 സെന്റ് ഭൂമി കൊച്ചി മെട്രോ റെയിലിന് വേണ്ടി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ കെ.എം.ആര്‍.എല്‍. തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജും ശീമാട്ടി ടെക്‌സ്‌റ്റൈല്‍സ് ഉടമ ബീനാ കണ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് എത്രയും വേഗം സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി റവന്യു അധികൃതര്‍ക്ക് ഇന്നലെതന്നെ കത്ത് നല്‍കി. ജില്ലാ കലക്ടര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ 48 മണിക്കൂറിനകം പൊന്നുംവില നല്‍കി ഭൂമി ഏറ്റെടുക്കാന്‍ കഴിയും.
മെട്രോ റെയിലിന് സ്ഥലം നല്‍കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ നിലനിന്ന തര്‍ക്കത്തിന് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതെന്ന് കെ.എം.ആര്‍.എല്‍. വ്യക്തമാക്കി. അതേ സമയം ഭൂമി ഏറ്റെടുക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബീനാ കണ്ണനും അറിയിച്ചു.
സ്ഥലം വിട്ടു നല്‍കുന്നതിന് ശീമാട്ടിയുമായി ഉഭയകക്ഷി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കെ.എം.ആര്‍.എല്‍. ധാരണാപത്രം തയാറാക്കുന്നതിനായി 20 തവണയെങ്കിലും കെ.എം.ആര്‍.എല്‍. പ്രതിനിധികള്‍ ബീന കണ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഏലിയാസ് ജോര്‍ജ് മൂന്നുവട്ടം ബീനാ കണ്ണനുമായി നേരിട്ട് ചര്‍ച്ച നടത്തി. എന്നാല്‍ ഇന്നലെ കെ.എം.ആര്‍.എല്‍. ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ബീനാ കണ്ണന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും കെ.എം.ആര്‍.എലിനു സ്വീകാര്യമായില്ല. കെ.എം.ആര്‍.എല്ലിന്റെ നിര്‍ദേശങ്ങള്‍ ബീനാ കണ്ണനും തള്ളി.
നഷ്ടപരിഹാരം നല്‍കാതെയും മെട്രോ റെയില്‍ വയഡക്ടിന്റെ തൂണുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെ.എം.ആര്‍.എല്‍. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയിരുന്നത്. ഈ ഭാഗത്ത് ശീമാട്ടിക്ക് പാര്‍ക്കിംഗിന് അനുമതി നല്‍കുമെന്നതായിരുന്നു ഒരു ധാരണ. തൂണുകളില്‍ പരസ്യം നല്‍കുമ്പോള്‍ ശീമാട്ടിക്ക് മുന്‍ഗണന നല്‍കുമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാല്‍ തൂണുകളില്‍ പരസ്യം നല്‍കുന്നതിനുള്ള പൂര്‍ണ അവകാശം ശീമാട്ടിക്ക് ലഭിക്കണമെന്ന് ബീനാ കണ്ണന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകള്‍ നിര്‍മിക്കുന്ന ഭൂമിക്ക് വില നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് കെ.എം.ആര്‍.എല്ലിന് സ്വീകാര്യമായില്ല. ഇതോടെ പൊന്നും വില കോടതിയില്‍ കെട്ടിവെച്ചു സ്ഥലം ഏറ്റെടുക്കാന്‍ കെ.എം.ആര്‍.എല്‍. തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha