സൂരജിന്റെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു; വെളിപ്പെടുത്തിയതിനേക്കാള്‍ പതിന്മടങ്ങ് സ്വത്തുണ്ടെന്ന് കണ്ടെത്തല്‍
അവിഹിത സ്വത്തു സമ്പാദ്യ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സംസ്ഥാനത്തെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു. ഇതു സംബന്ധിച്ച കത്ത് റജിസ്‌ട്രേഷന്‍ ഐജിക്കും ഭൂമിയും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സബ് റജിസ്ട്രാര്‍മാര്‍ക്കും നല്‍കി. സൂരജിന്റെ കേസ് അവലോകനം ചെയ്ത ഉന്നതതല യോഗ തീരുമാന പ്രകാരമാണു നടപടി.
സൂരജ് സര്‍ക്കാരില്‍ വെളിപ്പെടുത്തിയതിന്റെ പതിന്‍മടങ്ങ് വിലയുള്ള ആസ്തി ഉണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ദുബായ് എന്നിവടങ്ങളില്‍ സൂരജ് ഫ്‌ളാറ്റും ഭൂമിയും മറ്റു പേരുകളില്‍ സ്വന്തമാക്കിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ഫ്‌ളാറ്റില്ലെന്നു സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും മകന്റെ പേരില്‍ അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയതു വിജിലന്‍സ് കണ്ടെത്തി.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ആസ്തിയും പരിശോധിച്ചു മൂല്യം തിട്ടപ്പെടുത്തുന്നതിനു കേന്ദ്ര ഏജന്‍സികളെയും വിജിലന്‍സ് നിയോഗിച്ചു. ഭൂമിയുടെയും കെട്ടിടങ്ങളുടെയും യ്ഥാര്‍ത്ഥ മൂല്യം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടു. സൂരജ് സംസ്ഥാന പൊതുമരാമത്തു സെക്രട്ടറിയായിരുന്നതിനാല്‍ സത്യസന്ധമായ മൂല്യ നിര്‍ണയം ഇവിടെ നടക്കില്ലെന്ന നിഗമനത്തിലാണു കേന്ദ്ര വകുപ്പിനെ ഏല്‍പ്പിച്ചത്.
ഇതിനു പുറമെ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സേവനവും ആസ്തിയുടെ മൂല്യ നിര്‍ണയത്തിനു തേടിയിടുണ്ട്. സൂരജിന്റെയും ചില അടുത്ത ബന്ധുക്കളുടെയും വിദേശ പണമിടപാടും ആദായ നികുതി വകുപ്പു പരിശോധിക്കുമെന്നറിയുന്നു.
സൂരജ് സര്‍ക്കാരിനു സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ കാര്യമായ വൈരുദ്ധ്യവും വിജിലന്‍സ് കണ്ടെത്തി. നാലു വര്‍ഷം മുന്‍പു സൂരജിന്റെ ആസ്തിയില്‍140 പവന്‍ സ്വര്‍ണമുണ്ടായിരുന്നത് അടുത്ത വര്‍ഷം 600 പവന്‍ ആയി ഉയര്‍ന്നു. ഇതിനു പുറമെ സൂരജിന്റെ മക്കള്‍ക്കു സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജില്‍ എംഡിക്കു പ്രവേശനം നേടാന്‍ 1.20 കോടി രൂപയും എംബിബിഎസിനു പ്രവേശനം നേടാന്‍ 50 ലക്ഷം രൂപയും സംഭാവന നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ വിശദാംശവും അന്വേഷണത്തിലാണ്. കൂടുതല്‍ തെളിവകുള്‍ ലഭിക്കുന്നതോടെ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha