ഐ.എഫ്.എഫ്.കെ ഉപദേശക സമിതി സ്ഥാനം അടൂര്‍ ഒഴിയും
ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴിയും. താന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞ പശ്ചാത്തലത്തിലാണ് അടൂരിന്റെ തീരുമാനം. ഇത് സംബന്ധിച്ച് സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടൂര്‍ ഉടന്‍ ചര്‍ച്ച നടത്തും.
നെറ്റ്പാക്, ഫിപ്രസി ജൂറികള്‍ മലയാള സിനിമയ്ക്ക് നല്‍കുന്ന അവാര്‍ഡുകള്‍ നിര്‍ത്തലാക്കുകയും പകരം പ്രത്യേക ജൂറിയെ നിശ്ചയിച്ച് മലയാള സിനിമയ്ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനും അടൂര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കണമെന്നും കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത റീലീസ് ചെയ്യാത്ത മൂന്ന് ചിത്രങ്ങളെ സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കുന്ന പാനലിലേക്ക് പരിഗണിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ആദ്യം അംഗീകരിച്ച മന്ത്രി, ചലച്ചിത്ര സംഘടനകളുടെ ഭീഷണിയ്ക്ക് വഴങ്ങി അവ ഒന്നൊന്നായി പിന്‍വലിക്കുകയായിരുന്നു.
മേള മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ട്‌വച്ച തനിക്ക് അപമാനമാണ് മൊത്തത്തില്‍ നേരിടേണ്ടി വന്നതെന്ന വികാരം അടൂരിനുണ്ട്. വീണ്ടും വാഗ്ദാനം ചെയ്യപ്പെട്ട ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ നിരസിച്ച അടൂര്‍ സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉപദേശ സമിതി ചെയര്‍മാനായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha