സുധീരനെതിരെ കോണ്‍ഗ്രസുകാര്‍ക്കൊപ്പം സി.പി.എമ്മും
വി.എം. സുധീരന്റെ ജനപക്ഷയാത്ര പൊളിക്കാന്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനൊപ്പം സി.പി.എ മ്മും രംഗത്ത്. തൃശൂരിലെ ഒല്ലൂരില്‍ കള്ളുഷാപ്പില്‍ നിന്നും 5000 രൂപ പിരിച്ചെന്നാണ് പുതിയ ആരോപണം. പണപിരിവിന്റെ വാര്‍ത്ത ഒരു ചാനലാണ് പുറത്തുവിട്ടത്. ജനപക്ഷയാത്രയ്ക്ക് വേണ്ടി പണം പിരിച്ചതായി കള്ളുഷാപ്പുടമ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കള്ളുഷാപ്പുടമ സി.പി.എമ്മുകാരനാണെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു.
ബാറുകള്‍ പൂട്ടിയതോടെ കള്ളുഷാപ്പുകള്‍ക്ക് ലാഭമുണ്ടായെന്നും അതിനാല്‍ പണം നല്‍കണമെന്നുമാണ് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടതെന്ന് കള്ളുഷാപ്പുടമ പറയുന്നു. അതേസമയം തങ്ങള്‍ ജനപക്ഷയാത്രയ്ക്ക് വേണ്ടി കള്ളുഷാപ്പുടമയില്‍ നിന്ന് പണം പിരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസുകാരും പറയുന്നു.
സുധീരന്റെ പേര് പറഞ്ഞ് മദ്യഷാപ്പുകാരില്‍ നിന്നും വ്യാപകമായി പണം പിരിക്കുന്നു എന്ന ആരോപണം ശക്തമാണ്. ആരോപണത്തെ നേരിടാന്‍ കഴിയാത്ത തരത്തില്‍ സുധീരനും പ്രതിരോധത്തിലാണ്. ഉമ്മന്‍ചാണ്ടിയും, കെ. ബാബുവുമാണ് സുധീരനെ മോശമാക്കാന്‍ ആദ്യം ഇറങ്ങി തിരിച്ചത്. തൊട്ടുപിന്നാലെ സി.പി.എമ്മുകാരും രംഗത്തെത്തി. ഇരുവരും ഒടുവില്‍ ഒരുമിച്ച് ചേരുകയും സുധീരനെതിരെ പടനയിക്കുകയും ചെയ്യുന്നു.
സി.പി.എം. അതിശക്തമായ പ്രചരണമാണ് സുധീരനെതിരെ ഇറക്കുന്നത്. സുധീരന്‍ ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് സി.പി.എം. മനസ്സിലാക്കി കഴിഞ്ഞു. അടുത്തകാലത്തൊന്നും ഒരു ഹിന്ദു നേതാവ് കോണ്‍ഗ്രസിനെ നയിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ ന്യൂനപക്ഷക്കാരുടെ നേതാവാക്കി മാറ്റി മുന്നോട്ടുപോകാനാണ് സി.പി.എം. ശ്രമിച്ചിരുന്നത്. ആ സ്ഥാനത്തേക്കാണ് സുധീരന്‍ ഉയര്‍ന്നുവന്നത്.
സുധീരനുള്ള ക്ലീന്‍ ഇമേജും സി.പി.എമ്മിനെ ആകുലപ്പെടുത്തുന്നു. ഇത്രയും കാലം കോണ്‍ഗ്രസുകാരെല്ലാം കള്ളന്‍മാരാണെന്നാണ് സി.പി.എം. പ്രചരിപ്പിച്ചിരുന്നത്. സോളാര്‍ കേസും മറ്റും സി.പി.എമ്മിന്റെ പ്രചരണത്തെ പൊതുജനങ്ങള്‍ക്കിടയില്‍ ബലപ്പെടുത്തി. എന്നാല്‍ സുധീരന്‍ വന്നതോടെ ആ പ്രചരണത്തിന് അടിസ്ഥാനമില്ലാതായി. സുധീരനെ ഒതുക്കാന്‍ സി.പി.എം. ഉന്നതതലത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. സുധീരനെ ഒതുക്കാനുള്ള വഴി അദ്ദേഹത്തിന്റെ കാപട്യം പുറത്തുകൊണ്ടുവരിക എന്നതാണ്. അതിനുവേണ്ടി എന്തും ചെയ്യാന്‍ സി.പി.എം. ഒരുക്കമാണ്.
സുധീരനെതിരെയുള്ള ഗൂഢാലോചനയില്‍ എ ഗ്രൂപ്പ് നേതാക്കള്‍ക്ക് സജീവമായ ബന്ധമുണ്ട്. എന്നാല്‍ സുധീരന് എ ഗ്രൂപ്പ് നേതാക്കളെ ഒന്നും ചെയ്യാനാവില്ല. കാരണം ആരും പരസ്യമായി സുധീരനെതിരെ രംഗത്തുവരില്ല. അതേസമയം രഹസ്യമായി ചെയ്യാവുന്നതൊക്കെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha