ഐജി മനോജ് എബ്രഹാമും കുടുങ്ങും, റിസര്‍വ് ബറ്റാലിയനില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി, ക്വാറികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപണം
ഐ.ജി. മനോജ് ഏബ്രഹാമിനെതിരേ പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരന്‍ നായര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പാറമട ലോബിയുമായിട്ടുള്ള അതിരുവിട്ട ബന്ധങ്ങള്‍, പാറമടക്രഷര്‍ ലോബിക്കെതിരേ പോലീസ് നടത്തിയിട്ടുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നപ്പോഴുള്ള അവിഹിത സ്വത്ത് സമ്പാദനം,
പോലീസിനും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും വേണ്ടി വാങ്ങിയിട്ടുള്ള ഉപകരണങ്ങളുടെ മറവില്‍ നടന്ന അഴിമതികള്‍ തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മാത്രമല്ല മുന്‍ പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍ നായരെ കള്ളക്കേസില്‍ തുടിക്കിയതാണെന്നും ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ പോളും ഐ.ജിയും തമ്മില്‍ ബന്ധമുള്ളതിനാല്‍ അദ്ദേഹത്തെകൊണ്ട് കേസ് അന്വേഷിപ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം സിറ്റിപോലീസ് കമ്മിഷണറായിരിക്കെ മനോജ് ഏബ്രഹാം അനധികൃതമായി സമ്പാദിച്ച സ്വത്തിനെപ്പറ്റി അന്വേഷിക്കാനാണ് ഇപ്പോള്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് പാറമടക്രഷര്‍ ലോബിയുമായി മനോജ് ഏബ്രഹാമിനുള്ള ബന്ധമാണ്. നിയമങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്ന പാറമട ലോബിക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് ഫോണിലൂടെ നല്‍കിയ നിര്‍ദേശം പാലിക്കാതിരുന്ന പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍. നായരെ കൈക്കൂലി കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്യിച്ചതും പരാതിയില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അടൂരില്‍ പാറമടയില്‍ രണ്ട് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പരാതികള്‍ പരിഗണിച്ചാണ് ലൈസന്‍സ് ഇല്ലാത്ത ബ്ലാസ്റ്റര്‍മാരെ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ക്വാറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍ നിര്‍ബന്ധിതനായതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തില്‍ പല പാറമടകളിലും ലൈസന്‍സ് ഇല്ലാത്തവരാണു പാറപൊട്ടിക്കുന്നതെന്നു കണ്ടെത്തി. മൈനിംഗ് ആക്ട് ലംഘിച്ചാണ് ജില്ലയിലെ പല പാറമടകളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
പാറമട ഉടമകളുടെ പക്കലുള്ള എല്ലാ ലൈസന്‍സുകളും ഹാജരാക്കുന്നതിന് ഉത്തരവിട്ട എസ്.പി. കോഴഞ്ചേരിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സാനിയൊ മെറ്റല്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇതേതുടര്‍ന്നാണ് ഐ.ജി. മനോജ് എബ്രഹാം തന്റെ പദവി ദുരുപയോഗം ചെയ്ത് സംഭവത്തില്‍ ഇടപെട്ടത്. കൂടുതല്‍ നടപടി ക്വാറിക്കെതിരേ പാടില്ലെന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ടെലിഫോണിലൂടെ നിര്‍ദേശിച്ചു. യഥാര്‍ഥത്തില്‍ സാനിയോ മെറ്റല്‍ ക്രഷറിന്റെ ലൈസന്‍സ് മറ്റൊരാളുടെ പേരിലാണെങ്കിലും മേല്‍നോട്ടം കണ്ണന്താനം ഗ്രൂപ്പാണ്. ലൈസന്‍സ് ഇവരുടെ പേരിലേക്കു മാറ്റിയിരുന്നില്ല. കണ്ണന്താനം ഗ്രൂപ്പിന്റെ ഉടമ ജയേഷ് തോമസുമായുള്ള ബന്ധമാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ ഐ.ജിയെ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു. എങ്കിലും ഐ.ജിയുടെ നിര്‍ദേശം പാലിച്ചുകൊണ്ട് എസ്.പി. പാറമട തുറക്കാന്‍ നിര്‍ദേശം നല്‍കി.
വടശേരിക്കരയിലെ വിംറോക്ക് പാറമടയില്‍ ഡിവൈ.എസ്.പി തമ്പി എസ്.ദുര്‍ഗാദത്ത് നടത്തിയ പരിശോധനയില്‍ കണക്കില്‍ കവിഞ്ഞ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയതും ഐ.ജിയുടെ ഇടപെടലിന് കാരണമായതായി പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സതേണ്‍ റോക്ക് എന്ന സ്ഥാപനത്തിനും സ്‌റ്റോപ്പ് മെമ്മോ നല്‍കി.
ലൈസന്‍സ് മറ്റൊരാളുടെ പേരിലാണെങ്കിലും ഈ പാറമടയും കണ്ണന്താനം ഗ്രൂപ്പാണ് യഥാര്‍ഥത്തില്‍ നടത്തിയിരുന്നത്. പല പാറമടകളും കണ്ണന്താനം ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നെങ്കിലും ലൈസന്‍സ് പഴയ ഉടമയുടെ പേരില്‍ തന്നെയായിരുന്നു. പൂട്ടിയ സതേണ്‍റോക്ക് പാറമടയും തുറപ്പിക്കാന്‍ ഐ.ജി. ശ്രമിച്ചു. വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് എസ്.പിയെ കള്ളക്കേസില്‍ കുടുക്കാന്‍ ചില മേഖലയില്‍ നിന്നും ആസൂത്രിത നീക്കം നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരുമായും പോലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ഐജി മനോജ് എബ്രഹാമിന് നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ദിവസം അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ പൂട്ടുമെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ സ്വന്തം വകുപ്പിലുള്ള ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ചുള്ള ആരോപണം മന്ത്രി ഗൗരവത്തോടെയാണ് നോക്കികാണുന്നതെന്ന് സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha