കെഎം മാണിക്കെതിരായ വിജിലന്‍സ് കേസ് സര്‍ക്കാരിന് തലവേദനയാകുന്നു, മാണി രാജിവെച്ചാല്‍ കേസ് നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവെക്കുമെന്ന് സൂചന
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് കേസ് സര്‍ക്കാരിന് തലവേദനയാവുന്നു. മാണിക്കെതിരായ കള്ളക്കേസില്‍പ്പിടിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരിക്കുകയാണ്. മാണിക്കനുകൂലമായി ഒറ്റക്കെട്ടായി നിലകൊള്ളാനാണ് യുഡിഎഫിന്റെ തീരുമാനം. കേസന്വേഷണം നടക്കട്ടെയെന്നും താന്‍ കുറ്റക്കാരനല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാണി പ്രതികരിച്ചിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ക്കിക്കുന്നവനാണ് ഞാന്‍. പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു അഴിമതി ആരോപണം പോലും എന്റെ പേരിലില്ല. കോഴക്കേസ് കെട്ടിച്ചമച്ചതാണന്ന് എല്ലാവര്‍ക്കുമാറിയാം. എനിക്ക് കോഴവാങ്ങിക്കേണ്ട ഒരുകാര്യവുമില്ലന്നും മാണി പറഞ്ഞു.
മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തതോടെ സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. മാണിക്ക് മാത്രമല്ല മന്ത്രി സഭയിലെ പല മന്ത്രിമാര്‍ക്കെതിരെയും വിജിലന്‍സ് കേസുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, അടൂര്‍പ്രകാശ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരാണ് നിലവില്‍ വിജിലന്‍സിന്റെ അന്വേഷണം നേരിടുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, സി.എന്‍.ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടായിരുന്നെങ്കിലും കേസുകള്‍ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മാണിരാജിവെച്ചാല്‍ വെട്ടിലാവുന്നത് യുഡിഎഫ് സര്‍ക്കാരാണ്. മാണിയെ യുഡിഎഫിലെ ചിലര്‍ കുടിക്കിയതാണെന്ന ആരോപണവും ശക്തമാണ്. മാണി രാജിവെക്കുകയാണെങ്കില്‍ വിജിലന്‍സ് കേസില്‍പ്പെട്ടിരിക്കുന്ന അഞ്ചു മന്ത്രിമാര്‍ക്കു കൂടി സ്ഥാനം ഒഴിയേണ്ടുവരും.
മന്ത്രി കെ.എം. മാണിക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ അതു സൃഷ്ടിക്കാവുന്ന രാഷ്ട്രീയവും ഭരണപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സജീവ ചര്‍ച്ചകളാണ് നടക്കുന്നത്. താന്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നു മാണി വ്യക്തമാക്കിയതിനു പിന്നാലെ, കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിക്കുകയായിരുന്നു.
നിയമസഭാ സമ്മേളന ഘട്ടത്തില്‍ തന്നെ യുഡിഎഫിലെ കരുത്തനായ മുതിര്‍ന്ന നേതാവ് പ്രതിസന്ധിയില്‍ അകപ്പെട്ടതു മുന്നണിയെത്തന്നെ ഉലച്ചിട്ടുണ്ട്. മതിയായ സംരക്ഷണം മാണിക്കു ലഭിച്ചില്ലെന്നാണ് കേരള കോണ്‍ഗ്രസുകാര്‍ പറയുന്നത്. വിജിലന്‍സിന്റെ പരിശോധനാ റിപ്പോര്‍ട്ടോടെ ആ അധ്യായം അടയുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. സ്വന്തം സര്‍ക്കാരിനു കീഴില്‍ മാണിക്ക് പരിക്കേല്‍ക്കുമെന്നു പ്രതിപക്ഷം പോലും കരുതിയതല്ല. എന്നാല്‍ വിജിലന്‍സ് സ്വതന്ത്രമായി നീങ്ങിയതോടെ മാണിയുടെ കഴുത്തില്‍ കുരുക്കു വീഴുകയായിരുന്നു. ഒപ്പം 2013 ലെ ലളിത കുമാരി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അനിവാര്യമായെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടി.
മന്ത്രി അടൂര്‍ പ്രകാശിനെതിരെ രണ്ട് കേസാണ് നിലവിലുള്ളത്. ഇതില്‍ ഒന്നും പി.ജെ. ജോസഫ്, എം.കെ. മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളിലും അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. 2004-2006ല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസാണ് അടൂര്‍ പ്രകാശിനെതിരായ ഒരു കേസ്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.
പി.ജെ.ജോസഫ് 1997 ല്‍ റവന്യൂ മന്ത്രിയായിരിക്കെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി ഗ്രീന്‍ ബര്‍ഗ് റിസോര്‍ട്ട് അഥോറിറ്റി (കുളമാവ്, ഇടുക്കി ) ഉടമയ്ക്ക് വനം കയ്യേറാന്‍ അനുമതി നല്‍കി ഉടമയ്ക്ക് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
എം.കെ.മുനീറിനെതിരായി ഇന്ത്യാവിഷന്‍ ചാനലുമായി ബന്ധപ്പെട്ട കേസാണുള്ളത്. ചാനലിന് അനധികൃതമായി മൂന്ന് കോടി രൂപ വായ്പ അനുവദിച്ചെന്ന കേസിന്റെ അന്വേഷണം പൂര്‍ത്തിയായെങ്കിലും തെളിവുകള്‍ ഇല്ല എന്ന കാരണത്താല്‍ \'മിസ്‌റ്റേക്ക് ഓഫ് ഫാക്റ്റ്‌സ് \'ആയി പരിഗണിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്.
https://www.facebook.com/Malayalivartha