പെന്‍ഷന്‍കാര്‍ക്ക് ഇനി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രം വഴി
പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവുമായി ഇനി ഗസറ്റഡ് ഓഫീസര്‍മാരുടെ അടുത്തോ ബാങ്കിലോ പോകേണ്ട. അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി ഒരു വിരലടയാളം നല്‍കിയാല്‍ മാത്രം മതി.
പെന്‍ഷന്‍കാരന്‍ ജീവിച്ചിരിക്കുന്നതിന് തെളിവായുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായിത്തന്നെ ബാങ്കിലും ബന്ധപ്പെട്ട സ്ഥാപനത്തിലും എത്തുന്നതിനുള്ള പദ്ധതി സംസ്ഥാനത്തുമെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ജീവന്‍ പ്രമാണ്‍ പദ്ധതിയുടെ സൗകര്യം ബയോമെട്രിക് റീഡിങ് ഉപകരണങ്ങളുള്ള സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ലഭിക്കും.
ആധാര്‍ കാര്‍ഡ് നമ്പര്‍, പെന്‍ഷന്‍ നമ്പര്‍ എന്നിവയും വേണം. ബയോമെട്രിക് റീഡിങ് ഉപകരണത്തില്‍ പെരുവിരല്‍ അമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കകം പെന്‍ഷന്‍കാരന്‍ ജീവിച്ചിരിക്കുന്നതിനുള്ള തെളിവ് ബാങ്കിലെത്തും. ഇതോടെ ബാങ്കില്‍ പോകാതെതന്നെ എ.ടി.എം. ഉപയോഗിച്ച് തുടര്‍ന്നും പെന്‍ഷന്‍ പിന്‍വലിക്കാനാകും.
നിലവില്‍ ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ഷവും അവസാനത്തോടെ ബാങ്കില്‍ എത്തിച്ചാലേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുമായിരുന്നുള്ളൂ. ഇനി അതുവേണ്ട. ആദ്യഘട്ടത്തില്‍ കേന്ദ്ര പെന്‍ഷനുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വന്നിട്ടുള്ളത്. അടുത്തഘട്ടത്തില്‍ എല്ലാ പെന്‍ഷനുമുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലാകും.
അക്ഷയകേന്ദ്രങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പുതിയസേവനങ്ങള്‍ തുടങ്ങുന്നത്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മുഴുവന്‍ അക്ഷയകേന്ദ്രങ്ങള്‍ക്കും പരിശീലനം നല്‍കാനാണ് പരിപാടി.
https://www.facebook.com/Malayalivartha