ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രം
ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ഷനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തി. യുഡിഎഫിലിരുന്ന് മുത്ത് അളന്ന കൈകൊണ്ട് കാവികൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷിന്റെ ശ്രമമെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ബിജെപിയില്‍ അംഗത്വവും പത്തനാപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചാണ് ഗണേഷ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്.
യുഡിഎഫില്‍ നിന്ന് കലഹിച്ചുപോയാല്‍ എല്‍ഡിഎഫ് ഏറ്റെടുക്കില്ലെന്ന് ഉറപ്പായപ്പോഴാണ് സംഘപരിവാറില്‍ ഗണേഷ് ആകൃഷ്ടനായത്. ആരാച്ചാര്‍ അഹിംസയെ പറ്റി സംസാരിക്കുന്നതു പോലെയാണ് ഗണേഷ്‌കുമാര്‍ അഴിമതിയെപ്പറ്റി സംസാരിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടം ഗണേഷ് തുടങ്ങേണ്ടത് യുഡിഎഫില്‍ നിന്നല്ല, എവിടെ നിന്നാണെന്ന് പറയുന്നില്ലെന്നും വീക്ഷണത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കി.
സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാന്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് സിനിമാക്കാരനായ മുന്‍ മന്ത്രിക്ക് കാവി മോഹം മൊട്ടിട്ടത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇതെന്നും വീക്ഷണത്തില്‍ പറയുന്നു.
മന്ത്രിസ്ഥാനം കിട്ടാത്തതിനാല്‍ പാലുകൊടുത്ത കൈയ്ക്ക് കടിക്കാന്‍ ഗണേശന്‍ തീരുമാനിച്ചു. യുഡിഎഫില്‍ ഇരുന്നുകൊണ്ട് കൊലച്ചതി അനുവദിക്കില്ലെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതോടെ തയ്യാറാക്കി വച്ച തിരക്കഥ അനുസരിച്ച് അഭിനയം ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന് പേരിട്ട് തന്റെ നെറികേടിന് ആദര്‍ശ പരിവേഷം നല്‍കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. ആരാച്ചാര്‍ അഹിംസയെ പറ്റി പറയുന്നത് പോലെയാണ് ഗണേശ് കുമാര്‍ അഴിമതിയെ കുറിച്ച് സംസാരിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം ഗണേശ് ആരംഭിക്കേണ്ടത് യുഡിഎഫില്‍ നിന്നല്ല. എവിടെ നിന്നാണെന്ന് പറയുന്നില്ലെന്നും വീക്ഷണം പറയുന്നു.
ഗണേശിനെ പത്തനാപുരത്ത് ജയിപ്പിച്ചതും മന്ത്രിയാക്കിയതും യുഡിഎഫാണെന്നും വിശദീകരിക്കുന്നു. അച്ഛനും മകനും തമ്മില്‍ അടിച്ചാണ് ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് താണുകൊണ്ടിരുന്നതിനാലാണ് മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയാത്തത്. അല്ലാതെ യുഡിഎഫിന്റെ കൂടോത്രമോ ഉമ്മന്‍ ചാണ്ടിയുടെ ചാത്തന്‍ സേവയോ കൊണ്ടല്ല അതെന്നും വീക്ഷണം പറയുന്നു. സിനിമയില്‍ വേഷങ്ങള്‍ മാറുന്നത് പോലെ ലളിതമല്ല, രാഷ്ട്രീയത്തില്‍ വേഷങ്ങള്‍ മാറുന്നത്. സംഘപരിവാറിലേക്കുള്ള യാത്ര ഗണേശിന് ആത്മഹത്യാപരമായ ഒന്നാകുമെന്നും വീക്ഷണം പറയുന്നു.
യുഡിഎഫുമായി അടുക്കാനാകാത്തവണ്ണം കെബി ഗണേശ് കുമാര്‍ അകന്നുകഴിഞ്ഞു. നിയമസഭയില്‍ ആര്‍എസ്പിയെ കൂടി കൂട്ടിന് കിട്ടിയതോടെ ഗണേശില്ലെങ്കിലും ഭൂരിപക്ഷ പ്രശ്‌നവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനില്ല. കൂടുതല്‍ അഴിമതികഥകള്‍ തല്‍ക്കാലം വിളിച്ചു പറയാന്‍ നിയമസഭയില്‍ ഗണേശിന് ഉടനെ കഴിയുകയുമില്ല. അതുകൊണ്ട് തന്നെ ഗണേശ് വിഷയത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതുകയാണ്. യുഡിഎഫില്‍ നിന്ന് കൂടുമാറി ഗണേശ്, ബിജെപിയില്‍ എത്തുമെന്നാണ് നിരീക്ഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha