പി.കെ.അബ്ദുറബ്ബിനെതിരായ അന്വേഷണം വിജിലന്‍സ് അട്ടിമറിച്ചു
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താനുള്ള തീരുമാനം വിജിലന്‍സ് തന്നെ അട്ടിമറിച്ചു. ഇപ്പോള്‍ ലോകായുക്ത അന്വേഷണംപ്രഖ്യാപിച്ച ഓപ്പണ്‍ സ്‌കൂള്‍ അഴിമതിയിടപാട് അന്വേഷിക്കാന്‍ വിജിലന്‍സില്‍ ധാരണയായത് നാലുമാസം മുന്‍പാണ് . എന്നാല്‍ പരാതി വിദ്യാഭ്യാസ വകുപ്പിനു തന്നെ അയച്ചു കൊടുത്താല്‍ മതിയെന്ന് പിന്നീട് ഉന്നതതലത്തില്‍ ധാരണയാക്കുകയായിരുന്നു.
ഓപ്പണ്‍ സ്‌കൂള്‍ ഡയറക്ടറുടെ തസ്തിക അടക്കമുള്ള സുപ്രധാന തസ്തികകളിലെ നിയമനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കാന്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ അയവു വരുത്തി എന്നതായിരുന്നു പ്രധാന പരാതി. ഇങ്ങനെ മുസ്‌ലിം ലീഗ് എംഎല്‍എയുടെ ബന്ധുവിനെ നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രി എഴുതിയ കത്തുള്‍പ്പെടെയുള്ള രേഖകള്‍ തെളിവായി ഒപ്പംവച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.ഓപ്പണ്‍ സ്‌കൂളിലെ മറ്റ് ക്രമക്കേടുകളും ഇതോടൊപ്പം ചൂണ്ടിക്കാണിച്ചിരുന്നു. ഇവ പരിഗണിച്ചാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തിയത്.
ഇതിനുള്ള ഉത്തരവിനായാണ് വിജിലന്‍സ് ഉന്നതര്‍ക്ക് ജൂലൈ 24ന് ഫയല്‍ നല്‍കിയത്. എന്നാല്‍ ഉത്തരവ് ഉണ്ടായില്ല. സര്‍ക്കാരിലേയ്ക്ക് പരാതി അയച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. വിജിലന്‍സ് എഡിജിപി ഇത് അംഗീകരിച്ച് ഒപ്പുവച്ചതോടെ ഫയല്‍ തീര്‍പ്പായി. അതേസമയം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഫയല്‍ അയക്കാതെയാണ് വകുപ്പുമന്ത്രി ഉള്‍പ്പെട്ട ഈ സുപ്രധാന വിഷയം തീര്‍പ്പാക്കിയത് എന്നതും ശ്രദ്ധേയമാണ്.
പിന്നീടെല്ലാം മുറപോലെ ആയിരുന്നു. ഇപ്പോള്‍ പരാതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍ ആണെന്നാണ് വിവരം. ഓരോ വകുപ്പിലെയും ക്രമക്കേടുകള്‍ ഇതുപോലെ പരിശോധിക്കാന്‍ അതാത് വകുപ്പിലെ വിജിലന്‍സ് വിഭാഗങ്ങളെ ഏല്‍പിക്കാമെന്ന് മുന്‍പെ ധാരണയുള്ളതാണ്. എന്നാല്‍ വകുപ്പിന്റെ ചുമതലക്കാരനായ മന്ത്രി തന്നെ ഉള്‍പ്പെട്ട പരാതി അന്വേഷിക്കാന്‍ അതേ വകുപ്പിനെ തന്നെഏല്‍പിച്ച വിജിലന്‍സിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ക്വിക്ക് വെരിഫിക്കേഷന്‍ നടത്താമെന്ന ശുപാര്‍ശയും ഇതിനായി മറികടന്നുവെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha