സിപിഎമ്മിനു പിന്നാലെ ബിജെപിയും സാമൂഹിക സര്‍വ്വേയ്ക്ക് തയാറെടുക്കുന്നു. 37 ലക്ഷം പേരെ അംഗങ്ങളാക്കാന്‍ ലക്ഷ്യം
സിപിഎമ്മിനു പിന്നാലെ ബിജെപിയും വീടുകള്‍തോറും സാമൂഹിക സര്‍വേയ്ക്കു തയാറെടുക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ബിജെപി നേതൃയോഗമാണു കേരളത്തില്‍ സാമൂഹിക സര്‍വേ നടത്താന്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളുടെ തൊഴില്‍, ജാതി, മതം, പാര്‍ട്ടികളിലെ അംഗത്വം, വരുമാനം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങളാണു ബിജെപി പ്രവര്‍ത്തകര്‍ ശേഖരിക്കുക. ഇതിനു മുന്‍പ് സിപിഎം കേരളത്തില്‍ നടത്തിയ സാമൂഹിക സര്‍വേ വിവാദമായിരുന്നു.പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലുണ്ടായ മാറ്റം വിലയിരുത്തുകയാണു ലക്ഷ്യം. ബൂത്തു തലത്തില്‍ മുപ്പതംഗ സംഘമാണു സര്‍വേ നടത്തുക.
സാമൂഹിക മാധ്യമങ്ങള്‍വഴിയുള്ള പ്രചാരണത്തിനു പ്രഫഷനല്‍ സംഘത്തെ നിയമിക്കാന്‍ അമിത് ഷാ നിര്‍ദേശിച്ചു. അംഗത്വപ്രചാരണത്തിനുള്ള ടോള്‍ഫ്രീനമ്പര്‍ നിലവില്‍ വന്നശേഷം സംസ്ഥാനത്ത് ഇതുവരെ രണ്ടരലക്ഷം പേര്‍ പാര്‍ട്ടി അംഗങ്ങളായതായി പ്രചാരണത്തിന്റെ ചുതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ യോഗത്തെ അറിയിച്ചു.
അംഗത്വപ്രചാരണം സംബന്ധിച്ചു ജില്ലാ പ്രസിഡന്റുമാര്‍ അവതരിപ്പിച്ച പദ്ധതികളില്‍ അമിത് ഷാ മാറ്റം വരുത്തി. പ്രചാരണത്തിനു 100 ദിന കര്‍മപരിപാടിക്കു രൂപം നല്‍കി. 40 ലക്ഷം കുടുംബങ്ങളില്‍ സമ്പര്‍ക്കം നടത്തി കുറഞ്ഞത് 37 ലക്ഷം പേരെ അംഗങ്ങളാക്കാനാണു ദേശീയ അധ്യക്ഷന്റെ നിര്‍ദേശം. അംഗത്വപ്രചാരണത്തിനു ജില്ലാ, മണ്ഡലം തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികളെയും നിയമിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ മുഴുവന്‍സമയ പ്രവര്‍ത്തകനുണ്ടാകും.
അടുത്ത വര്‍ഷത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളും അഞ്ച് നഗരസഭകളും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട്, കാസര്‍കോട്, കുന്നംകുളം, തിരുവല്ല, കൊടുങ്ങല്ലൂര്‍ നഗരസഭകളാണു ലക്ഷ്യംവയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha