പാകിസ്ഥാന് ജയിലുകളിലും മലയാളികള്‍, മുരളീധരനെ കുടിക്കിയത് വിമാനം വെടിവച്ചിട്ട്, മമ്മൂട്ടിയെ പിടികൂടിയത് ദുബായിലെ യാത്രാമധ്യേ... ആരിടപെടും?
സരബ്ജിത്ത് സിംഗിന്റെ ക്രൂരമായ മരണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നവരെപ്പറ്റിയുള്ള ആശങ്ക ഉയരുകയാണ്. നിരപരാധികളായ പലരും കണക്കുകളിലൊന്നും പെടാതെ പാക് ജയിലുകളില്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തില്‍ രണ്ട് മലയാളികളുമുണ്ടെന്ന വിവരവുമായി അവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ പതിറ്റാണ്ടുകളായി പാകിസ്ഥാനിലെ ഇരുണ്ട ജയിലറകള്ക്കുള്ളില് കഴിയുകയാണെന്നാണ് കുടുംബത്തിന്റെ വിശ്വാസം. മലപ്പുറം സ്വദേശിയായ മുരളീധരന്, കണ്ണൂര്‍ സ്വദേശി മമ്മൂട്ടി എന്നിവരാണവര്‍.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു വി.പി. മുരളീധരന്. ഇന്ത്യ പാകിസ്ഥാന് യുദ്ധത്തില്‍ മുരളീധരന് സജീവമായി പങ്കെടുത്തിരുന്നു. യുദ്ധത്തിനിടെ മുളീധരന്‍ കയറിയ വിമാനം പാകിസ്ഥാന് വെടിവച്ചിട്ടിരുന്നു. തുടര്‍ന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മുരളീധരനെ പാക്സൈന്യം പിടികൂടുകയായിരുന്നു. മുരളീധരന് പാകിസ്ഥാന് ജയിലിലുണ്ടെന്ന് ആദ്യം വിവരം ലഭിച്ചു പിന്നീട് പല വഴി ശ്രമിച്ചിരുന്നു എങ്കിലും ഒന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇരുപത്തി മൂന്നാമത്തെ വയസിലാണ് മുരളീധരന് പാകിസ്ഥാനില്‍ അകപ്പെട്ടുപോത്.
എന്നാല്‍ കണ്ണൂര്‍ സ്വദേശിയായ മമ്മൂട്ടി ജോലിതേടി ദുബായില്‍ പോയതായിരുന്നു. വിമാനസര്‍വ്വീസുകള്‍ കുറവായിരുന്ന അന്ന് മമ്മൂട്ടി ദുബായില്‍ പോയത് കടല്‍ മാര്‍ഗം ഉരുവിലായിരുന്നു. എന്നാല്‍ യാത്രക്കിടെ ഉരു പാകിസ്ഥാന് അതിര്‍ത്തിയില്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരെ എല്ലാവരേയും പാക് സൈന്യം പിടികൂടി ജയിലിലടച്ചു. ഇതിനിടെ പാകിസ്ഥാന് വ്യാപാരിയായിരുന്ന മലയാളിയായ അശോകന് മമ്മൂട്ടിയെ ജയിലില്‍ കണ്ടിരുന്നതായി പറഞ്ഞു. എന്നാല്‍ പിന്നീട് മമ്മൂട്ടിയെപ്പറ്റിയും വിവരമില്ല.
ഇരുവരും പാകിസ്ഥാനിലെ ഏതോ ജയിലില്‍ ഇപ്പോഴുമുണ്ടെന്നാണ് ബന്ധുക്കളുടെ വിശ്വാസം. ഒരു തെറ്റും ചെയ്യാത്ത അവരെ മോചിപ്പിക്കാനായി എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.
https://www.facebook.com/Malayalivartha