രാമചന്ദ്രന്‍നായര്‍ സി.പി.എമ്മിലേക്ക്; അണികളെ കൂട്ടിവരാന്‍ പിണറായി നിര്‍ദ്ദേശിച്ചു
അണികളെ കൂട്ടിവന്നാല്‍ സി.പി.എമ്മില്‍ എടുക്കാമെന്ന് സി.പി.ഐയില്‍ നിന്ന് രാജി വെച്ച രാമചന്ദ്രന്‍ നായരോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിമതരെ മാലയിട്ടു സ്വീകരിച്ച സി.പി.ഐക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഇതുവഴി പിണറായി ലക്ഷ്യമിടുന്നത്. പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ സി.പി.ഐക്കുള്ളില്‍ പൊട്ടിപ്പുറപ്പെട്ട കലഹം പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള സി.പി.എം തീരുമാനം നടപ്പാക്കി തുടങ്ങി. സി.പി.ഐ വിട്ട രാമചന്ദ്രന്‍ നായരെ ചുവപ്പു പരവതാനി വിരിച്ച് സ്വന്തം കൂടാരത്തിലേക്ക് ആനയിക്കുക മാത്രമല്ല, ഒപ്പം സി.പി.ഐയില്‍ നിന്ന് കുറച്ചുപേരെ അടര്‍ത്തിയെടുക്കാനും അദ്ദേഹത്തോട് സി.പി.എം ആവശ്യപ്പെട്ടിരിക്കുകയാണ്. സി.പി.ഐക്കാരെ ചിലരെ കൂടി പുറത്തുചാടിച്ച് കണ്‍വെന്‍ഷന്‍ വിളിച്ച് സി.പി.എമ്മിലേക്ക് വരാനാണ് ക്ഷണം. ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ 150ഓളം സി.പി.എം വിമതരെ മുമ്പ് കൂട്ടത്തോടെ സ്വീകരിച്ച സി.പി.ഐക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനാണ് സി.പി.എം തീരുമാനം.
ഒപ്പമുള്ളവരെ കൂടെക്കൂട്ടി ശക്തി തെളിയിച്ച് സി.പി.എമ്മിലേക്ക് ഇടതു കാലെടുത്തുവെക്കാനാണ് രാമചന്ദ്രന്‍ നായര്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജി പ്രഖ്യാപനം നടത്തിയതു മുതല്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ പ്രതികരണം. രാജിക്ക് മുമ്പായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ജില്ലാ നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തിയ രാമചന്ദ്രന്‍ നായരെ സി.പി.എമ്മില്‍ എടുക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. അതേസമയം ഏതുഘടകത്തില്‍ ഉള്‍പ്പെടുത്തുമെന്നത് സംബന്ധിച്ച് സി.പി.എം നിശബ്ദത പാലിക്കുകയായിരുന്നു.
രാമചന്ദ്രന്‍ നായരെ തലസ്ഥാനത്തെ ചാല ഏര്യാ കമ്മിറ്റിക്ക് കീഴിലെ ഗ്രൂപ്പിലോ ബ്രാഞ്ചിലോ ഉള്‍പ്പെടുത്താനായിരുന്നു ആദ്യ ധാരണയെങ്കിലും ചാലയിലെ സംഘടനാ പ്രശ്‌നങ്ങങ്ങള്‍ രൂക്ഷമായതിനാല്‍ അവസാനം പാളയം ഏര്യക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വം ഇക്കാര്യം കീഴ്ഘടകത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കീഴ്ഘടകങ്ങളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പാണ് ഉയര്‍ന്നത്. സാമ്പത്തിക വിവാദത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ നേതാവിന് സി.പി.എം അംഗത്വം നല്‍കുന്നതിനോട് പ്രാദേശിക നേതാക്കള്‍ക്ക് അനിഷ്ടമുണ്ട്. പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയതിനാലാണ് ഇതിനോട് പരസ്യമായി എതിര്‍പ്പു പ്രകടിപ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ മടിക്കുന്നത്. എന്നാല്‍ വെഞ്ഞാറമൂട്ടില്‍ തങ്ങളെ വെല്ലുവിളിച്ച സഖാക്കള്‍ക്ക് അംഗത്വംനല്‍കി സ്വീകരിച്ച സി.പി.ഐക്ക് ചുട്ടമറുപടി ലഭിക്കാന്‍ ലഭിച്ച അവസരമാണിതെന്നാണ് സംസ്ഥാന നേതൃത്വം ഓര്‍മിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha