പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് തന്റെ ഒറ്റുകാരും പളനിയും ചേര്‍ന്നെന്ന് വിഎസ്; സ്മാരകം തകര്‍ത്തതില്‍ വി.എസിന് പങ്കുണ്ടെന്ന് പളനി
സിപിഎമ്മില്‍ വീണ്ടും കലാപക്കൊടി. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ പളനിയാണെന്ന് വിഎസും; വിഎസ് ആണെന്ന് പളനിയും കുറ്റപ്പെടുത്തി.
സ്മാരകം തകര്‍ത്ത സംഭവത്തില്‍ മുന്‍നിലപാടില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇന്നും രംഗത്തെത്തി. സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഒറ്റുകാരാണെന്ന് അദ്ദേഹം ആരോപിച്ചു. വി എസ് അച്യുതാനനന്ദന്റെ മാരാരിക്കുളത്തെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പളനി ഇപ്പോള്‍ കഞ്ഞിക്കുഴി ഏരിയാകമ്മറ്റി അംഗമാണ്.
മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് ഇതിന് പിന്നിലുമെന്ന് വിഎസ് പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടി കെ പളനിക്കും ഇതില്‍ പങ്കുണ്ട്. സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രശ്‌നം സംസ്ഥാനകമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കുമെന്നും വി എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും വി എസ് പറയുന്നു. അമ്പലപ്പുഴയില്‍ താന്‍ മത്സരിച്ചു തോറ്റു. പിന്നീട് മാരരിക്കുളത്ത് ജയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. തുടര്‍ന്ന് മാരാരിക്കുളത്ത് മത്സരിച്ചു തോറ്റു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസിനായി ടികെ പളനിയും കൂട്ടരുമാണ് ഒറ്റികൊടുത്തത്. അങ്ങനെ എന്നെ ഒറ്റിക്കൊടുത്തവര്‍ പാര്‍ട്ടിക്കാരേയും ഒറ്റിക്കൊടുക്കും. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് തന്നെ ഒറ്റുകൊടുത്തവര്‍ തന്നെയാണെന്നും വി എസ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പളനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അച്ചടക്ക നടപടിയും എടുത്തു. അത്തരക്കാര്‍ തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതെന്നാണ് വിഎസിന്റെ ആരോപണം.
പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ അഞ്ച് പേരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദന്‍ പക്ഷത്തെ പ്രമുഖരാണ് കേസില്‍ പ്രതികളായത്. വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലത്തീഷ് പി ചന്ദ്രനും കേസില്‍ പ്രതിയായി. മുതിര്‍ന്ന നേതാവായ ടികെ പളനിയൂടെ മൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ സഹായകരമായെന്ന റിപ്പോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് നല്‍കിയത്. ഇതോടെയാണ് വി എസ് പ്രതികളെ ന്യായീകരിച്ച് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. എന്നാല്‍ താന്‍ ആരുടെയും പേര് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടില്ലെന്ന് ടികെ പളനി പറഞ്ഞൂ. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പളനി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിയുടെ പിന്നീടുള്ള ഇടപെടല്‍ ദൂര്‍ബലമായിരുന്നു.ഇതിലുള്ള പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന സമിതിക്ക് കത്തെഴുതിയതായും പളനി പറയുന്നു. പ്രതികളെ രക്ഷിക്കാനുള്ള വിഎസിന്റെ നീക്കം പല സംശയവുമുണ്ടാക്കുന്നു. വിഎസിന്റെ അറിവോടെയാണ് സ്മാരകം തകര്‍ത്തെന്ന് താന്‍ കരുതുകയാണ്. ആലപ്പുഴയില്‍ വിഭാഗിയത ഉണ്ടാക്കിയത് വിഎസാണ്. അതിന് കൂട്ടുനില്‍ക്കാത്തതിന്റെ അരിശമാണ് തനിക്കെതിരെ തീര്‍ക്കുന്നതെന്നും പളനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha