റോജി റോയിയുടെ മരണം, ആശുപത്രി അധികൃതര്‍ക്കെതിരെ റിപ്പോര്‍ട്ട്
കിംസ് ആശുപത്രിയിലെ നഴ്‌സിംങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതരെ പ്രതികൂട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്. മരിച്ച വിദ്യാര്‍ഥിനിക്കെതിരെ ഉയര്‍ന്ന റാഗിങ് പരാതി കൈകാര്യം ചെയ്യുന്നതിലുണ്ടായ ഗുരുതരമായ പിഴവാണ് ഒരു ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് കാണിച്ച് നഴ്‌സിങ് കൗണ്‍സിലിനാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
കിംസ് നഴ്‌സിങ് കോളജിന്റെ വട്ടിയൂര്‍ക്കാവിലെ ഹോസ്റ്റലിലുണ്ടായ സംഭവങ്ങളാണ് റോജി റോയി എന്ന 18കാരിയുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളോട് പേര് ചോദിച്ച് ആക്ഷേപിക്കും വിധം സംസാരിച്ചു, കൂടാതെ തുറിച്ചുനോക്കുന്നു എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് റോജിക്കെതിരെ പരാതിയായി ഉയര്‍ന്നത്.
ഹോസ്റ്റല്‍ വാര്‍ഡന്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്ത വിഷയം പക്ഷെ, പിന്നീട് കോളജ് വൈസ് പ്രിന്‍സിപ്പലും ക്ലാസ് കോര്‍ഡിനേറ്ററും ഇടപെട്ട് റാഗിങ് പരാതിയായി എഴുതി വാങ്ങുകയായിരുന്നു. ഇതിന്റെ വിഷമത്തിലിരിക്കേയാണ് തൊട്ടുപിന്നാലെ റോജിയെ കിംസ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരുടെ മുന്നില്‍വച്ച് പരുഷമായി ചോദ്യംചെയ്യുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ഭാഗം വിശദീകരിക്കാന്‍ അനുവദിക്കാതെ റോജിക്ക് സാമാന്യനീതി നിഷേധിച്ചുവെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഇതിനെക്കാളുപരി കണ്ണുകാണാനും ചെവികേള്‍ക്കാനും വയ്യാത്ത മാതാപിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താനും തീരുമാനിച്ചത് റോജിക്ക് താങ്ങാനായില്ല. ഇത് കേട്ട മനോവിഷമത്തിലാണ് ആശുപത്രി കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി റോജി ജീവനൊടുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനത്തിനു പുറമേ കലാരംഗത്തും മിടുക്കിയായിരുന്നു റോജി റോയി. സംഗീതം, നൃത്തം എന്നിവയില്‍ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. കണ്ണുകാണാനും ചെവികേള്‍ക്കാനും വയ്യാത്ത മാതാപിതാക്കളുടെ ഒരേയൊരു ആശ്രയമായിരുന്നു റോജി റോയി. ഹോസ്റ്റലിലും കോളജിലും നല്ല നിലയില്‍ നിറഞ്ഞ് നിന്ന കുട്ടിയെക്കുറിച്ച് പരാതി ഉണ്ടായപ്പോള്‍ വേണ്ടത്ര ജാഗ്രതയിലല്ല കോളേജ് അധികൃതര്‍ സംഭവം കൈകാര്യം ചെയ്തത്. പരാതിയുടെ പേരില്‍ തന്നെ പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കില്ലെന്ന് റോജി ഭയന്നിരുന്നു. അങ്ങനെ വന്ന് മാതാപിതാക്കളെ വേദനിപ്പിക്കുന്ന സ്ഥിതി ഉണ്ടായാല്‍ പിന്നെ താന്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
റോജിയുടെ മരണത്തെക്കുറിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സോഷ്യല്‍ മീഡിയ വഴിയടക്കം സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha