മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്‌കാരം 2014 കൃഷ്ണന്‍ പള്ളത്തിന്
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ സമകാലിക മലയാളം വാരികയുടെ 2014ലെ ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്‌കാരം പട്ടാമ്പി കൊപ്പം സ്വദേശി കൃഷ്ണന്‍ പള്ളത്തിന്. നമ്പൂതിരി സമുദായത്തിനുള്ളിലെ നവോത്ഥാന ശ്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത പ്രമുഖയും കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവുമായിരുന്ന ആര്യാ പള്ളത്തിന്റെയും പി കെ കൃഷ്ണന്‍ പള്ളത്തിന്റെയും മകനാണ് കൃഷ്ണന്‍ പള്ളം.
കൊപ്പത്ത് അദ്ദേഹം കാല്‍നൂറ്റാണ്ടിലേറെക്കാലമായി നടത്തുന്ന \'അഭയം\' അഗതി മന്ദിരവും അതിനോട് അനുബന്ധമായി നടത്തുന്ന ജൈവകൃഷിയും നല്‍കുന്ന സാമൂഹ്യ സേവന സന്ദേശം പരിഗണിച്ചാണിത്. വായനക്കാര്‍ നല്‍കിയ നാമനിര്‍ദേശങ്ങളില്‍ നിന്ന് ഡോ. ബി ഇക്ബാല്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, പ്രമുഖ എഴുത്തുകാരി ലളിതാ ലെനിന്‍, പ്രമുഖ കഥാകൃത്ത് അശോകന്‍ ചരുവില്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഒറ്റപ്പാലത്ത് പിന്നീട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ഇടുക്കി മുരിക്കാശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ രാജുവിനും 2012ല്‍ പാലക്കാട് റസിയാ ബാനുവിനുമായിരുന്നു പുരസ്‌കാരം. കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ പള്ളം മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തനത്തിനു വേണ്ടി വിആര്‍എസ് വാങ്ങിപ്പിരിയുകയായിരുന്നു.
സാമൂഹ്യ സേവനത്തിന്റെയും സാന്ത്വന പ്രവര്‍ത്തനങ്ങളുടെയും പ്രകാശം പരത്തുന്ന കൂട്ടായ്മയാണ് അഭയമെന്നും പ്രകൃതിയെ അറിഞ്ഞും സ്‌നേഹിച്ചും കൂടെ നിന്നും നിര്‍ത്തിയും കൂട്ടായി ജീവിക്കുന്നത് ഇങ്ങനെയാണെന്നു കാണിച്ചുതരികയാണ് കൃഷ്ണന്‍ പള്ളമെന്നും പുര്‌സകാര സമിതി വിലയിരുത്തി.
പാടങ്ങളും ജൈവകൃഷിയിടങ്ങളും പോറലേല്‍ക്കാത്ത ജൈവ ആവാസവ്യവസ്ഥയും ഉള്‍പ്പെടുന്ന മുപ്പത് ഏക്കറിനുള്ളിലാണ് അഭയം. പുലരുന്നതും ഇരുട്ടുന്നതുംപോലും വേര്‍തിരിച്ചറിയാത്തവിധം മനസു കൈവിട്ടുപോയ അഞ്ചുപേര്‍ ഉള്‍പ്പെടെ, സഹജീവികളുടെ കാരുണ്യം ആവശ്യമുള്ള 90 പേരാണ് ഇവിടുത്തെ അന്തേവാസികള്‍. പഠനവൈകല്യമുള്ള ഒരു കുട്ടി ഒഴികെ ബാക്കിയെല്ലാം മുതിര്‍ന്നവര്‍. ഇവരില്‍ 30 പേര്‍ പൂര്‍ണമായും മനോനില തകരാറിലായവരും 20 പേര്‍ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്നതരം മാനസികപ്രശ്‌നങ്ങളുള്ളവരുമാണ്.
അഭയം നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങള്‍ ഉണ്ട് കൃഷ്ണന്‍ പള്ളത്തിന്. വിദേശഫണ്ട് വാങ്ങില്ല എന്നതാണ് അതില്‍ പ്രധാനം. മദ്യക്കച്ചവടക്കാര്‍, പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍, പെണ്‍വാണിഭക്കാര്‍, പലിശയ്ക്കു പണം വായ്പകൊടുത്ത് കഴുത്തറുക്കുന്ന സ്വകാര്യ പണമിടപാടുകാര്‍ എന്നിവരുടെ പണവും സ്വീകരിക്കില്ല.
അനാഥരും ദരിദ്രകുടുംബാംഗങ്ങളുമായ ആണ്‍കുട്ടികളെ പഠിപ്പിക്കാനും വളര്‍ത്താനും ബാലമന്ദിരമായാണ് അഭയം തുടങ്ങിയത്. പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ അസോസിയേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് എന്ന ട്രസ്റ്റിനു കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനയാണ് അഭയം.
കൃഷി ഓഫീസറായിരുന്ന സുഹൃത്ത് എം എന്‍ കരുണാകരന്‍ റബര്‍ കൃഷി ചെയ്യാന്‍ എടപ്പലം പടിഞ്ഞാറ്റുംമുറിയില്‍ വാങ്ങിയ ഒരേക്കര്‍ ഭൂമി പകുതിവിലയ്ക്ക് നല്‍കിയതായിരുന്നു തുടക്കം.
അഛന്റെ സഹോദരിമാരായ ദേവകി വാര്യരും മുരളി ടീത്തറും പിന്നീട് ഭൂമി നല്‍കി. ദേവകി ഒരേക്കറും മുരളി ടീച്ചര്‍ രണ്ടര ഏക്കറുമാണു നല്‍കിയത്. പ്രകൃതിസ്‌നേഹിയായ മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മണ്ണാര്‍ക്കാട് ബഷീര്‍ മാസ്റ്ററുടെ 118.5 സെന്റും എറണാകുളം മഹാരാജാസ് കോളജ് അധ്യാപികയായിരുന്ന ഭാരതിട്ടീച്ചറിന്റെ രണ്ടേക്കറും നദ്‌വത്തുല്‍ മുജാഹിദീന്‍ നേതാവ് ഖദീജ നര്‍ഗ്ഗീസിന്റെ 60 സെന്റുമൊക്കെ ഉള്‍പ്പെട്ടതാണ് അഭയത്തെ നിലനിര്‍ത്തുന്ന പാടങ്ങളും പറമ്പുകളും. 25 ഏക്കര്‍ പാടവും അഞ്ചേക്കര്‍ പറമ്പുമാണുള്ളത്. തരുന്നവരുടെ പേരില്‍തന്നെ നിലനിര്‍ത്തുന്നതല്ലാതെ അഭയത്തിന്റെയോ കൃഷ്ണന്‍ പള്ളത്തിന്റെയോ പേരിലേക്ക് ഈ സ്വത്തൊന്നും മാറ്റുന്നില്ല എന്നതും പ്രത്യേകതയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha