പ്രവര്‍ത്തകരോടൊപ്പം ഉടുതുണിയില്ലാതെ നൃത്തം ചെയ്ത പോഷക സംഘടനാ നേതാവിനെ സസ്പെന്‍ഡ് ചെയ്തു
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഊണുമില്ല ഉറക്കവുമില്ല. അത്രയ്ക്കാണ് ദേശീയ തലത്തില്‍ പാര്‍ട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കല്‍ക്കരി അഴിമതിയില്‍ വീഴാതിരിക്കാന്‍ സിബിഐ റിപ്പോര്‍ട്ട് തിരുത്തി ആകെ നാണം കെട്ടു. അപ്പോഴാണ് പവന്‍കുമാര്‍ ബന്‍സലിന്റെ മരുമകന് കോഴ വാങ്ങിയത്. ബിജെപിയുടെ ശക്തമായ പ്രക്ഷോപം. അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്ത്രിമാരെ രക്ഷിക്കാനുള്ള നേതാക്കന്മാരുടെ ഓട്ടം. ഇതിനിടയ്ക്ക് പോഷക സംഘടനാ നേതാക്കള്‍ എന്തെങ്കിലും ചെയ്തില്ലെന്ന് വേണ്ടല്ലോ. അവരും അവരെക്കൊണ്ടാവുന്നത് ചെയ്തു.
കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ യുവജന സംഘടനകളിലൊന്നാണ് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന് ഓഫ് ഇന്ത്യ അഥവ എന്എസ്യു ഐ. സ്റ്റുഡന്‍സ് യൂണിയന്റെ മുംബൈ ഘടകം പ്രസിഡന്റ് സൂരജ് താക്കൂറാണ് കഥാനായകന്.
ഒരു സ്വകാര്യ പരിപാടിയില്‍ ഈ യുവനേതാവ് നൂല്‍ബന്ധം പോലുമില്ലാതെ നഗ്നനൃത്തം ചവിട്ടി, അതും പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം. ഏപ്രില്‍ 14നാണ് സംഭവം നടന്നത്. സ്റ്റുഡന്‍സ് യൂണിയന്റെ പുതിയ ഭാരവാഹികളുടെ പരിചയപ്പെടുത്തല്‍ വേദിയായ കാന്ദിവിലി മുംബൈയിലായിരുന്നു സംഭവം. പുതിയ ഭാരവാഹികളെ റാഗ് ചെയ്യുന്നതിനിടയില്‍ മദ്യപിച്ച് ലക്ക് കെട്ടിരുന്ന സൂരജ് താക്കൂര്‍ അവര്‍ക്കായി നഗ്ന നൃത്തം അഭിനയിച്ച് കാണിച്ച് കൊടുത്തതായാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ആരോ ഒരാള്‍ ഇതെല്ലാം മൊബൈല്‍ ഫോണില്‍ എടുത്ത് യൂ ടൂബില്‍ ഇട്ടു. ആരാധകരേറെയുള്ള ഈ യുവ നേതാവിനെ അങ്ങനെ ശരിക്കും ആരാധകര്‍ കണ്ടു. സംഭവം പുറത്തായതോടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ട് യൂ ടൂബിലെ ദൃശ്യങ്ങള്‍ എടുത്തു കളഞ്ഞു. ഉടനടി സൂരജ് താക്കൂറിനെ സസ്പെന്‍ഡും ചെയ്തു.
https://www.facebook.com/Malayalivartha