പത്രങ്ങള്‍ തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കി എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ ഒരു കാര്യം മനസിലായിക്കാണും. ലോകത്ത് ആര്‍ക്കെതിരെ വേണമെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാം എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഏത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായാലും പണികിട്ടുമെന്ന്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖ മലയാളം പത്രങ്ങള്‍ക്കെതിരായി വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. തമിഴ്‌നാടിന് അനുകൂലമായി പത്രങ്ങള്‍ വാര്‍ത്ത നല്‍കി എന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് മലയാള മനോരമ, മാതൃഭൂമി,കേരള കൗമുദി എന്നീ പത്രങ്ങളുടെ ലേഖകര്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരില്‍ നിന്ന് ആനുകൂല്ല്യങ്ങള്‍ പറ്റി തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ എഴുതുന്നു എന്നതായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേകുറിച്ച് അന്വേഷിക്കണമെന്ന പത്രമേധാവികളുടെ ആവശ്യത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും അദ്ദേഹം ചൊവ്വാഴ്‌ച വൈകിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ഖേദപ്രകടനം.
പത്രങ്ങള്‍ക്കെതിരായ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. മാധ്യമപ്രവര്‍ത്തകര്‍ തെറ്റായി പ്രവര്‍ത്തിക്കുകയോ സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha