പാസ്‌പോര്‍ട്ട്: പോലീസ് റിപ്പോര്‍ട്ട് വേഗത്തിലാക്കും
ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കി പാസ്‌പോര്‍ട്ടിനു പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസം ഒഴിവാക്കുമെന്ന് കേന്ദ്ര ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറും പാസ്‌പോര്‍ട്ട് സേവ പ്രോജക്ട് ജോയിന്റ് സെക്രട്ടറിയുമായ മുക്തേഷ് കുമാര്‍ പര്‍ദേശി അറിയിച്ചു.
കഴിഞ്ഞ കൊല്ലം പത്തു ലക്ഷത്തിലധികം പാസ്‌പോര്‍ട്ടുകളാണ് കേരളത്തില്‍ ലഭ്യമാക്കിയത്. ഇപ്രകാരം രാജ്യത്തു പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിലെ ദേശീയ ശരാശരിയില്‍ കേരളം വളരെ മുന്നിലെത്തി. എന്നാലും സംസ്ഥാനത്തു പാസ്‌പോര്‍ട്ടിനുള്ള പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാന്‍ 24 ദിവസത്തോളം വേണ്ടിവരുന്നുണ്ടെന്ന് പത്രസമ്മേളനത്തില്‍ പര്‍ദേശി പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ അവലോകന യോഗത്തിനു ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ രേഖകള്‍ തപാലില്‍ അയക്കുമ്പോഴുണ്ടാകുന്ന കാലതാമസം ഇല്ലാതാകും. പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്നു ഓണ്‍ലൈനായി അപേക്ഷകരുടെ വിവരങ്ങള്‍ പോലീസിന് കൈമാറും. ജില്ലാ പോലീസ് കേന്ദ്രങ്ങള്‍ക്ക് അവിടെ ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് ഓണ്‍ലൈനായി അയയ്ക്കാവുന്നതേയുള്ളു. ഓണ്‍ലൈനായിത്തന്നെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തിരിച്ചു ജില്ലാ പോലീസ് കേന്ദ്രത്തിലേക്കും അവിടെനിന്നു പാസ്‌പോര്‍ട്ട് ഓഫീസിലേക്കും അയയ്ക്കാനാകും.
ഇന്ത്യയില്‍ 528 പോലീസ് ജില്ലകളില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊല്ലത്തുമാണ് നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമുള്ളത്. മറ്റു പോലീസ് ജില്ലകളിലേക്ക് ഇതു വ്യാപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവികളുമായും ഡിജിപിയുമായും ചര്‍ച്ച നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി പര്‍ദേശി പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫീസില്‍ ഏഴു ദിവസത്തെ നടപടികള്‍ മാത്രമാണുള്ളതെങ്കിലും പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള 30 ദിവസത്തെ സമയപരിധിയില്‍ 15 മുതല്‍ 20 ദിവസം വരെ പോലീസ് വെരിഫിക്കേഷനായാണു മാറ്റിവച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ക്കു ഏറ്റവും കുറഞ്ഞസമയമെടുക്കുന്നത് ഡല്‍ഹിയാണ്. 12 ദിവസത്തിനുള്ളില്‍ അവിടെ പോലീസ് വെരിഫിക്കേഷന്‍ പുര്‍ത്തിയാകും. ആന്ധ്രയില്‍ 15, ഗോവയില്‍ 16, ചണ്ഡിഗഢില്‍ 17 ദിവസമാണു പോലീസ് വെരിഫിക്കേഷന്‍ നടപടിക്കു വേണ്ടിവരുന്നത്.
ബയോമെട്രിക് സംവിധാനത്തിലുള്ള ഇ-പാസ്‌പോര്‍ട്ടുകളുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ സെക്യൂരിറ്റി പ്രസിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അടുത്ത വര്‍ഷത്തോടെ ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ നിലവില്‍ വരുമെന്നും അനുമാനിക്കപ്പെടുന്നു. ഇവയില്‍ പ്രത്യേകതരം ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കൃത്രിമം നടത്താനുള്ള സാധ്യത വളരെ കുറവാണ്. ഇ-പാസ്‌പോര്‍ട്ട് വന്നാലും നിലവിലുള്ള പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ അതേപടി തുടരും. ആവശ്യമുള്ളവര്‍ക്ക് ഇ-പാസ്‌പോര്‍ട്ടിലേക്കു മാറാനാകും.
കഴിഞ്ഞ വര്‍ഷം കോടി അപേക്ഷകര്‍ക്കു പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കി പാസ്‌പോര്‍ട്ട് സേവനങ്ങളില്‍ ഇന്ത്യ രാജ്യാന്തര തലത്തില്‍ മൂന്നാം സ്ഥാനത്തെത്തി. ചൈനയും അമേരിക്കയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha