അഴിമതിക്കെതിരെ പ്രസംഗിച്ചിട്ട് എന്തിന് കൈക്കൂലി കൊടുക്കുന്നു? മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി ഋഷിരാജ് സിംഗ്
മലയാളികളുടെ ഇരട്ട വ്യക്തിത്വത്തെ കളിയാക്കി വൈദ്യുതി ചീഫ് വിജിലന്‍സ് ഓഫിസര്‍ ഋഷിരാജ് സിംഗ്. ഇരട്ടവ്യക്തിത്വമുള്ളവരാണ് മലയാളികള്‍. ഒരു കാര്യത്തെ എതിര്‍ത്തിട്ട് അതേകാര്യം ചെയ്യുന്നവരാണ് അവര്‍. സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായി വൈ.എം.സി.എഹാളില്‍ നടക്കുന്ന പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ പ്രസംഗിക്കുകയും സിനിമയില്‍ അഴിമതിക്കെതിരെ പ്രതികരിക്കുന്ന നായകനെ കണ്ട് കൈയടിക്കുകയും ചെയ്യുന്നവനാണ് മലയാളി. എന്നിട്ടും തന്റെ കാര്യം നടക്കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ കൈക്കൂലി കൊടുക്കാന്‍ മലയാളിക്ക് ഒരു മടിയുമില്ല.
കിട്ടിയ ജോലി കഴിവിനുസരിച്ച് നന്നായി ചെയ്യണമെന്നാണ് തന്റെ സിദ്ധാന്തം. ശമ്പളമല്ലാതെ നയാപൈസ വാങ്ങിയിട്ടില്ല. ഇന്ത്യയില്‍ ഐ.എ.എസ് ഐ.പി.എസുകാര്‍ക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാള്‍ ഏതാനും ആയിരം രൂപ മാത്രം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ലഭിക്കുമ്പോള്‍ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ് ഓഫിസറായ കാബിനറ്റ് സെക്രട്ടറിക്ക് 90,000 ലഭിക്കുന്നുണ്ട്.
പ്രത്യേക രീതിയില്‍ ജോലിചെയ്യുന്നതിനാല്‍ പലയിടത്തേക്കും സ്ഥലംമാറ്റമുണ്ടായി. അതുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടാവും. ഒന്നും ചെയ്യാതെ പലയിടത്തും ഇരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ മോഷണം പിടിച്ചപ്പോള്‍ ദിവസം 50 ലക്ഷംരൂപ അധികം വരുമാനമുണ്ടായതായും അദ്ദേഹം പറഞ്ഞു.
മാലപൊട്ടിച്ചും മോഷണം നടത്തിയും ജയിലില്‍ കിടക്കുന്നതില്‍ 70 ശതമാനംപേരും ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്ത പാവങ്ങളാണ്. പട്ടിണികൊണ്ട് മോഷണം നടത്തുന്നവരാണധികവും. അതേസമയം 2013ല്‍ മോഷണം പോയത് 400 കോടിരൂപയാണ്. പോലീസ് കണ്ടെടുത്തതാകട്ടെ 40 കോടി മാത്രം. സി.ബി.ഐയെപ്പോലെയല്ല പോലീസുകാര്‍. ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഷം അന്വേഷിക്കുന്നത് രണ്ടുകേസ് മാത്രമാണ്. പോലീസുകാരുടെ സ്ഥിതി അതല്ല. അതുകൊണ്ടാണ് പലകേസുകളും തെളിയിക്കാന്‍ കഴിയാത്തതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha