കുഞ്ഞിനുവേണ്ടി ഗര്‍ഭപാത്രം കടമെടുത്ത പോറ്റമ്മയ്ക്കു മാതൃത്വ അവധി നല്‍കണമെന്നു ഹൈക്കോടതി
20 വര്‍ഷമായി ചികിത്സകളേറെ ചെയ്തിട്ടും കുഞ്ഞില്ലാതെ വന്നപ്പോഴാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥയായ യുവതിയും ഭര്‍ത്താവും ഹൈദരാബാദിലെ ആശുപത്രിയുടെ സഹായം തേടിയത്. വാടകഅമ്മയിലൂടെ അവര്‍ക്ക് 2014 ജൂണ്‍ 18ന് ആണ്‍കുഞ്ഞ് പിറന്നു. ജൂണ്‍ 19ന് 180 ദിവസത്തെ മാതൃത്വ അവധിക്ക് അപേക്ഷ നല്‍കി. എന്നാല്‍ പ്രസവാവധിക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു ചട്ടം അനുശാസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 10 ന് അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പിതൃത്വ അവധി കൂടി നല്‍കുന്നുണ്ട് എന്നിരിക്കേ കുഞ്ഞിനെ നോക്കേണ്ട അമ്മയ്ക്ക് അവധി നിഷേധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് യുവതി ഹൈക്കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഗര്‍ഭധാരണം, ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തര പരിചരണം, കുട്ടിയുടെ സംരക്ഷണം എന്നീ ഘട്ടങ്ങളാണു പ്രസവാവധിയില്‍ പെടുന്നത് എന്ന് കോടതി നിരീക്ഷിച്ചു. പ്രസവിച്ചിട്ടില്ലാത്തതിനാല്‍ ആരോഗ്യം വീണെ്ടടുക്കാനുള്ള അവധിക്ക് അപേക്ഷിക്കാനാവില്ല എങ്കിലും പ്രസവകാലം വിഭജിച്ച്, അതിന്റെ രണ്ടാംഘട്ടമെന്ന നിലയ്ക്കു പ്രസവാനന്തര ആരോഗ്യം വീണ്ടെടുക്കുന്നതൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ഹര്‍ജിക്കാരിക്കു നല്‍കാവുന്നതാണെന്ന് കോടതി പറഞ്ഞു.
ചട്ടങ്ങള്‍ നിലവിലില്ലെങ്കിലും വാടകയ്ക്കു ഗര്‍ഭപാത്രം എടുക്കുന്നതു നിയമവിരുദ്ധമല്ലെന്നും പ്രസവിച്ച അമ്മയില്‍നിന്നും പോറ്റമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയ സ്ഥിതിക്ക് കുഞ്ഞിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതു നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജനിച്ച ഉടന്‍ കൈയിലെത്തിയ കുഞ്ഞിന് അമ്മയുടെ ശ്രദ്ധയും സംരക്ഷണവും നിഷേധിക്കരുതെന്നും കുട്ടിയുടെ സംരക്ഷണം മാത്രമാണു പരിഗണിക്കേണ്ടതെന്നും കോടതി വിലയിരുത്തി.
കുട്ടിയെ വളര്‍ത്താന്‍ അവധി നല്‍കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ബോര്‍ഡ് അവധി നല്‍കണമെന്നു പറയാന്‍ കോടതിക്ക് ആവില്ല. എങ്കിലും വാടകയ്ക്കു ഗര്‍ഭപാത്രം എടുത്തുവെന്നതിന്റെ പേരില്‍ പോറ്റമ്മയ്ക്കു മാതൃത്വത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം കാണിക്കരുതെന്നു വ്യക്തമാക്കിക്കൊണ്ട് കുഞ്ഞിനെ നോക്കാന്‍ പോറ്റമ്മയ്ക്കു മാതൃത്വ അവധി നല്‍കണമെന്നു കേരള ഹൈക്കോടതി ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡു ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha