രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തം മാറ്റി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ താഴം സ്വദേശി തങ്കം(61)ആണ് മരിച്ചത്. മറ്റൊരു രോഗിക്കു നല്‍കേണ്ട രക്തമാണ് തങ്കത്തിനു നല്‍കിയത്. ഒ പോസിറ്റീവ് രക്തത്തിനു പകരം എ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് രോഗിയുടെ ശരീരത്തില്‍ കയറ്റിയത്.
ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് തങ്കത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 25ാം വാര്‍ഡിലായിരുന്നു തങ്കം. ഇന്നലെ വൈകുന്നേരം ഇതേ വാര്‍ഡിലുള്ള തങ്കമ്മ എന്ന രോഗിക്ക് നല്‍കേണ്ട രക്തമാണ് ആളുമാറി തങ്കത്തിന് നല്‍കിയത്. ഇതേ തുടര്‍ന്ന് ആരോഗ്യ നില വഷളായ തങ്കത്തിനെ ഐ.സി.യുവിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് തങ്കം മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയുടെ പുറത്ത് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടി. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതരും സമ്മതിച്ചിട്ടുണ്ട്.
അതേസമയം സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും.
https://www.facebook.com/Malayalivartha