ദേശീയ ഗെയിംസിന്റെ സംഘാടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണ്ണര്‍, രാഷ്ടപതിക്ക് റിപ്പോര്‍ട്ട് കൊടുക്കും
കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സംഘാടനത്തിലും ഗവര്‍ണര്‍ പി സദാശിവത്തിന് അതൃപ്തി. ഗവര്‍ണര്‍ തന്റെ അതൃപ്തി രാഷ്ടപതിയെയും പ്രധാനമന്ത്രിയെയും അറിയിക്കും. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയേയും സമാപനത്തിന് രാഷ്ട്രപതിയേയും ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനിടെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഗെയിംസ് സംഘാടനത്തിലെ കള്ളക്കളികള്‍ കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെ ഗെയിംസിനെ മെച്ചപ്പെടുത്താനുള്ള സാധ്യതയും ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. ഗവര്‍ണ്ണറെന്ന അധികാരമുപയോഗിച്ച് പരമാവധി ഇടപെടലുകള്‍ നടത്താനും ഗവര്‍ണര്‍ ഉദ്ദേശിക്കുന്നതായാണ് സൂചന. പണി തീരാതെ ഗെയിംസുമായി സഹകരിക്കില്ലെന്ന സൂചനയാണ് രാജ്ഭവനില്‍ നിന്ന് വരുന്നത്.
സംഘാടന പിഴവിലെ തന്റെ പ്രതിഷേധം അറിയിക്കാനാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസത്തെ സിഗ്‌നേച്ചര്‍ ഫിലിം പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത്. ഗവര്‍ണര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവന്‍ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഗവര്‍ണറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ നിശ്ചയിച്ച പ്രോഗ്രാം പരിപാടിക്ക് രണ്ടു മണിക്കൂര്‍ മുമ്പാണ് റദ്ദാക്കിയത്. പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഗെയിംസ് മുന്നൊരുക്കങ്ങളിലെ വിവാദങ്ങളിലുള്ള അതൃപ്തിയാണ് ഗവര്‍ണറെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. തീം സോംഗ് പ്രകാശനം ഇന്നാണ്. ഇതിലും ഗവര്‍ണര്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്യുന്നത്. ദേശീയ ഗെയിംസിനെതിരെ കടുത്ത നടപടികള്‍ വേണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടേക്കും.
ഗവര്‍ണ്ണര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതോടെ ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്താനുള്ള സാധ്യതയും അടയും. ഉദ്ഘാടന ചടങ്ങ് നടത്തേണ്ട കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയാകാത്തത് പ്രധാനമന്ത്രിയുടെ വരവിനെ ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന് സ്റ്റേഡിയത്തില്‍ പരിശോധന നടത്താന്‍ കഴിയാത്തതാണ് കാരണം.
സമാപന ചടങ്ങില്‍ രാഷ്ട്രപതിയും വരില്ലെന്നാണ് അറിയുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടന്ന ശേഷം വിശ്രമത്തിലാണ് പ്രണാബ് മുഖര്‍ജി. മോഡിയും രാഷ്ട്രപതിയും എത്തിയില്ലെങ്കില്‍ ഗെയിംസിന്റെ മോടി കുറയുമെന്ന് ഉറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha