ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചു
സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ശശി തരൂരിന് നോട്ടീസയച്ചു. സിആര്‍പിസി 160-ാം വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുകയെന്ന് ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം പുറത്ത് വരാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. തൃശൂരില്‍ ആയുര്‍വേദ ചികില്‍സയിലാണ് ഇപ്പോള്‍ തരൂര്‍. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയാറെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കൊലക്കുറ്റം തന്റെ മേല്‍ കെട്ടിവെക്കാനാണ് ഡല്‍ഹിപോലീസ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തന്റെ തന്റെ വീട്ടുജോലിക്കാരനെ ഡല്‍ഹി പൊലീസ് ശാരീരികമായി ഉപദ്രവിച്ച് തനിക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചതെന്നും ശശി തരൂര്‍ പറയുന്നു. തന്റെ മേല്‍ കുറ്റം ആരോപിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഡല്‍ഹിപോലീസിന് ശശി തരൂര്‍ അയച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു.
കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ നവംബര്‍ 12നു തരൂര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ അയച്ച കത്തു പുറത്തുവന്നത്. ഇതിലാണു തനിക്കെതിരെ മൊഴിനല്‍കാന്‍ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നവംബര്‍ ഏഴിനും എട്ടിനുമായി മൊത്തം 34 മണിക്കൂര്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ നാരായണ്‍ സിങ്ങിനെ ചോദ്യംചെയ്തു. ഒരാള്‍ പലതവണ ഉപദ്രവിച്ചു. ഇത് അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്നും നടപടി വേണമെന്നും കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha