എത്രയായാലുമെന്‍ ഉണ്ണിയല്ലേ... ഒന്നിച്ചു നിന്നാല്‍ ഒരുവീട്ടില്‍ കൊടിവച്ച രണ്ടുകാര്‍, രമേശിലൂടെ നഷ്‌ടപ്പെട്ട സുകുമാര പ്രീതി പിള്ളയിലൂടെ പിടിച്ചുപറ്റാന്‍ ഉമ്മന്‍ ചാണ്ടി
അവസാനം ആ ആച്ഛന്‍ മകനെ തിരിച്ചറിഞ്ഞു. ഇതുവരെ പറഞ്ഞാല്‍ കേള്‍ക്കാത്ത മകനാണ് ഓര്‍മ്മയില്‍ വരുന്നത്. എവിടനിന്നോ വന്ന കണ്ട സിനിമാക്കാരെയെല്ലാം പിടിച്ച് ഉന്നതസ്ഥാനത്തും പേഴ്‌സണല്‍ സ്റ്റാഫിലും ഇരുത്തി. ഒന്നു കയറിച്ചെന്നാല്‍ സിനിമാക്കാരുടെ സ്റ്റെലന്‍ ജാഡയാ. എല്ലാം സഹിക്കാം ഈ അച്ഛനെന്നു പറയുന്ന ആള്‍ വിളിച്ചു പറഞ്ഞാല്‍ ഒരു ചെറിയ വനസഹായമെങ്കിലും ചെയ്‌തു കൊടുക്കണ്ടേ. ഇങ്ങനെയെങ്കിലും തന്റെ വത്സല പുത്രനോട് അസൂയ തോന്നിയത് ഒരു കാര്യത്തില്‍ മാത്രമാണ്. അച്ഛന്‍ മന്ത്രിയുടെ തണലില്‍ വളര്‍ന്ന മോന്‍ മന്ത്രിയെ നാട്ടുകാര്‍ക്ക് മതിയെന്നായി. അച്ഛന്‍ ജയിലിലായതുകൊണ്ടു മാത്രം മന്ത്രിയായ ഒരു മകനാണ്. നിര്‍ഭാഗ്യവശാല്‍ എവിടെനിന്നെങ്കിലും ഒന്നു മത്സരിച്ച് ജയിച്ച് മന്ത്രിയാവാന്നു വച്ചാല്‍ എവിടെ നില്‍ക്കും. ആര് രാജിവച്ചുതരും.
അച്ഛനു വേണ്ടി സ്ഥാനത്യാഗം ചെയ്‌ത പുത്രന്മാര്‍ പുരാണത്തില്‍ കാണുമായിരിക്കും. ഇവിടത്തെ മകനാവട്ടെ അധികാരം കിട്ടിയപ്പോള്‍ ആ അച്ഛനെ തള്ളിപ്പറഞ്ഞു. യാമിനി തങ്കച്ചി പ്രശ്‌നം വന്നപ്പോള്‍ അവസാനം ഗണേഷ് കുമാര്‍ പറഞ്ഞത് പിള്ളയുടെ ചങ്ക് തകര്‍ന്നുപോയി. 'എന്തോന്ന് പാര്‍ട്ടി, ഞാന്‍ തന്നെയാ പാര്‍ട്ടി'
ഇതിനിടയ്‌ക്ക് പാര്‍ട്ടിയെ പിളര്‍ത്താനുള്ള സര്‍വ്വ അടവും ഗണേഷ് നോക്കി. ഗതികെട്ട പിള്ളയോടൊപ്പം നില്‍ക്കാല്‍ തലനരച്ചവര്‍ മാത്രം. അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടി മകനാകുമോന്ന് തന്നെ പിള്ളയ്‌ക്കും തോന്നിപ്പോയി. പിള്ളയെ ആരും ബഹുമാനിക്കാതെയായി. മകനാവട്ടെ ഉന്നതിയിലേക്കുയര്‍ന്നു കൊണ്ടിരുന്നു. മുഖ്യമന്ത്രിയും അരുമ ശിഷ്യനായി ഗണേഷ്‌കുമാറിനെ കണ്ടതോടെ ബാലകൃഷ്‌ണ പിള്ള തികച്ചും ഒറ്റപ്പെട്ടു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെക്കൊണ്ടും പറയിപ്പിച്ചു നോക്കി. ഒരു രക്ഷയുമില്ല, മകന്‍ മന്ത്രി കൈവിട്ടുപോകുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രി ആവശ്യമില്ലെന്ന് രേഖാമൂലം എഴുതിക്കൊടുത്തു. എന്ത് ഫലം മുഖ്യമന്ത്രി അച്ഛനേയും മകനേയും ഒന്നിച്ചിരുത്തി സംസാരിച്ചു. മുഖ്യമന്ത്രിയുടെ മുമ്പില്‍ ഗണേഷ് ചിലതൊക്കെ സമ്മതിച്ചെങ്കിലും അഴിമതിക്ക് താനില്ലെന്ന് പറഞ്ഞ് പിള്ളയെ ഒറ്റപ്പെടുത്തി.
പിള്ളയ്‌ക്കും വാശിയായി. എങ്ങനേയും മകനില്‍ നിന്നും മന്ത്രിപദം മാറ്റണം, എങ്കിലേ പഠിക്കൂ. അവസാനം മരുമകളായ യാമിനി തങ്കച്ചിയുടെ രൂപത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. പിള്ള വേണ്ട വളമൊക്കെ ഇട്ടു കൊടുത്തു. സാഹചര്യങ്ങള്‍ ഒത്തുവന്നു. ഗണേഷ്‌കുമാര്‍ ഭാര്യതല്ലിയ ഫോട്ടോയുമായി സഹതാപ തരംഗം നേടിയപ്പോള്‍, അങ്ങനെ ആ വിശ്വ രൂപം അവതരിച്ചു.
പിള്ള രണ്ടുവര്‍ഷമായി നോക്കിയിട്ടും നടക്കാത്ത കാര്യം യാമിനി ഒറ്റ ദിവസം കൊണ്ട് നേടി. മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കാണാന്‍ പറ്റിയല്ലോ.
കേസൊതുക്കിയാല്‍ മന്ത്രിക്കസേര വീണ്ടും കിട്ടുമെന്നായപ്പോള്‍ ലക്ഷങ്ങള്‍തന്നെ യാമിനക്കു കൊടുത്തു. യാമിനിക്കു കൊടുത്ത വഴുതക്കാട്ടെ വീട്ടിനെപ്പറ്റി പോലും മകനും അച്ഛനും തമ്മില്‍ തര്‍ക്കമുണ്ടായി.
മന്ത്രിപദം പോയതോടെ മകന് കുടുബബന്ധം ഓര്‍ക്കാന്‍ കൂടുതല്‍ സമയം കിട്ടി. നേരെ പെരുന്നയിലേക്കോടി. പിന്നെ അച്ഛനെക്കാണാന്‍. അച്ഛനും അങ്ങനെ ഒരവസരം കിട്ടി. ഓച്ചാനിച്ചു നില്‍ക്കുന്ന മകനെ വീണ്ടും വിരട്ടി. മന്ത്രിയുമില്ല തന്ത്രിയുമില്ല ഓടിക്കോ. പക്ഷേ ഗണേഷ്‌കുമാര്‍ അപ്പോള്‍ ഓടിയെങ്കിലും പിന്നേയും അച്ഛനെ ചുറ്റിപ്പറ്റി നിന്നു. ഇടയ്‌ക്ക് ബന്ധുവീടായ എന്‍എസ്‌എസ് ആസ്ഥാനത്തും കയറിയിറങ്ങി.
അങ്ങനെ മാസം രണ്ടു കഴിഞ്ഞു. മലയാളികള്‍ക്ക് മറക്കാന്‍ ഇതുതന്നെ ധാരാളം സമയം. ബാലകൃഷ്‌ണപിള്ള തങ്ങളുടെ പാര്‍ട്ടിക്ക് മന്ത്രി ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞു. പ്രത്യുപകാരമായി ഒരു വകുപ്പും കണ്ടുപിടിച്ചു. മുന്നോക്ക കമ്മീഷന്‍. മന്ത്രി പദവിയോടെ ആര്‍ ബാലകൃഷ്‌ണപിള്ള ആ സ്ഥാനത്ത്. അഴിമതിക്കേസില്‍ ശിക്ഷ ചുരുക്കിക്കൊടുത്ത സര്‍ക്കാര്‍ തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ പിള്ളയുടെ മന്ത്രിമോഹവും നടത്തിക്കൊടുത്തു. ഇങ്ങനേയും മന്ത്രിയാകാന്‍ പറ്റുമെന്ന് അങ്ങനെ മലയാളികളറിഞ്ഞു.
പിള്ളയ്‌ക്ക് മന്ത്രി വേണ്ടെന്നായതോടെ കോണ്‍ഗ്രസിലൊരാള്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചു. പാവം കെ. മുരളീധരനും, വി.ടി. സതീശനം വല്ലാതെ മോഹിച്ചുപോയി. ഒരുവശത്ത് രമേശ് ചെന്നിത്തല മന്ത്രിയാകുമെന്ന വാര്‍ത്ത. മറുവശത്ത് എന്‍എസ്‌എസിന്റെ ശക്തമായ എതിര്‍പ്പ്. അവസാനം രമേശ് ചെന്നിത്തലയും ഉടക്കിപ്പിരിഞ്ഞു.
ഇതിനിടയ്‌ക്ക് പിള്ളയ്‌ക്ക് മന്ത്രി വേണ്ടങ്കില്‍ ഇനിയൊരിക്കലുമില്ലെന്ന് പിപി തങ്കച്ചന്‍ പറഞ്ഞതാണ് വഴിത്തിരിവായത്. ഗണേഷ്‌കുമാര്‍ അച്ഛന്റെയടുത്തേയ്‌ക്ക് വീണ്ടും ഓടി. അച്ഛന്‍ തന്നെ പാര്‍ട്ടിയെന്ന് സമ്മതിച്ചു. ആരെ വേണമെങ്കിലും സ്റ്റാഫാക്കാം. ഒരേ ഒരവസരം...
അങ്ങനെ ആ പിള്ള മനസ് അലിഞ്ഞു. എത്രയായാലും തന്റെ പ്രിയ പുത്രനാണ്. തന്റെ വാശി അവനുമുണ്ടാകും. മാത്രമല്ല മകന് എന്‍എസ്‌എസിന്റെ സപ്പോര്‍ട്ടുമുണ്ട്. ഒരുവീട്ടില്‍ രണ്ട് കൊടിവച്ച കാര്‍ വന്ന് നിന്നാല്‍ എന്താ കുഴപ്പം. പിള്ളയ്‌ക്ക് കുളിരു കോരി.
പിള്ള തുറന്നു പറഞ്ഞു. മന്ത്രി സ്ഥാനം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി മന്ത്രിസ്ഥാനം തട്ടിയെടുക്കാന്‍ ആരും നോക്കണ്ട. യാമിനി പ്രശ്‌നം തീര്‍ന്നു. ആരും ഗണേഷിന്റെ ധാര്‍മ്മികതയും ചോദ്യം ചെയ്യേണ്ട.
എന്‍എസ്‌എസുമായി അകന്ന മുഖ്യമന്ത്രിക്ക് പിള്ളയെ സഹായിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ചെന്നിത്തല പ്രശ്‌നത്തില്‍ ഒരു മുന്നണിയുടെകൂടി പിന്തുണ തനിക്ക് ഉറപ്പാക്കാം. കൂടാതെ സുകുമാരന്‍ നായരുടെ അകല്‍ച്ച കുറേ കുറയ്‌ക്കാനുമാകും. മുന്നോക്ക ചെയര്‍മാനും മന്ത്രിസ്ഥാനവും കിട്ടുന്നതും പെരുന്നയുടെ അടുത്ത കൂട്ടുകാര്‍ക്ക്.
ഒരു കാര്യം ഉറപ്പാണ്, പിള്ള ഒന്നു വിചാരിച്ചാല്‍ നടത്തിയെടുക്കും. അതെങ്ങനെയും. വേണ്ടിവന്നാല്‍ കലാപക്കൊടി ഉയര്‍ത്തി മകന്‍ എംഎല്‍എയുടെ പിന്തുണ പോലും പിന്‍വലിക്കും.
https://www.facebook.com/Malayalivartha