എല്ലാ കടമ്പകളും കടന്നു, മലയാളത്തിന് ഇനി ശ്രേഷ്ഠഭാഷാ പദവി, കേന്ദ്ര സഹായമായി 100 കോടി, യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം
ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു. 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു.വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ചത്.
മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്. ഉപസമിതിയുടെ ശുപാര്‍ശ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും അംഗീകരിച്ച് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. അങ്ങനെ എല്ലാ കടമ്പയും കടന്ന് മലയാളവും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷയ്‌ക്കൊപ്പം ശ്രേഷ്ഠപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതോടെ, കേന്ദ്രസഹായമായി നൂറുകോടി രൂപ വരെ ലഭിക്കും. ഇതിനുപുറമെ യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം രൂപവത്കരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ എന്തൊക്കെ സഹായം നല്‍കണമെന്നതു സംബന്ധിച്ചുള്ള വിശദമായ രൂപരേഖ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കേന്ദ്രം നല്‍കുന്ന തുക വച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രത്യേക ഇന്‍സ്റ്റിറ്റിയൂട്ട് രൂപവത്കരിച്ചിരുന്നു. അതേ മാതൃക പിന്തുടര്‍ന്ന് പഠനകേന്ദ്രം രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായത്. തുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ ഈ ശ്രമവുമായി മുന്നോട്ടു പോയി. പക്ഷെ, സാഹിത്യ അക്കാദമിയുടെ ഉപസമിതിയില്‍ ആവശ്യം നിരസിക്കപ്പെട്ടു. ശ്രേഷ്ഠപദവി നല്‍കാനായി രണ്ടായിരം വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്നുള്ള കാരണത്തെത്തുടര്‍ന്നാണ് നിരസിക്കപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം നേരിട്ടും അല്ലാതെയും പ്രധാനമന്ത്രിയടക്കമുള്ളവരെ സന്ദര്‍ശിച്ച് സമ്മര്‍ദം ശക്തമാക്കി.
തുടര്‍ന്ന് ആവശ്യം വീണ്ടും പരിഗണിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. ഡിസംബറില്‍ ചേര്‍ന്ന ഉപസമിതി യോഗം വിഷയം വീണ്ടും പരിഗണിച്ചു. ഈ യോഗത്തില്‍ മലയാളത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ കാലപ്പഴക്കമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കാന്‍ കേരളത്തിനു കഴിഞ്ഞു.
https://www.facebook.com/Malayalivartha