ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്റ് ഇടപെടുന്നു; പരസ്യ പ്രസ്‌താവനകള്‍ക്ക് വിലക്ക്
കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെടുന്നു. പരസ്യ പ്രസ്‌താവനകള്‍ ഹൈക്കമാന്റ് വിലക്കിയിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം തീര്‍ക്കാന്‍ തല്‍ക്കാലം സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കില്ല. കേരളത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്‌തു പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശം. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കണമെന്ന എ.കെ ആന്റണിയുടെ നിലപാടാണ് പാര്‍ട്ടി കേന്ദ്രനേതൃത്വവും സ്വീകരിച്ചിരിക്കുന്നത്.
ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് ഗൗരവമായിട്ടാണ് കരുതുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രി വ്യക്തമാക്കി. പരസ്യപ്രസ്‌താവനകള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മന്ത്രിസഭാപ്രവേശനത്തിന് തയാറായ ചെന്നിത്തലയ്‌ക്ക് ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്ന് പരസ്യമായി അറിയിച്ചിരുന്ന മുഖ്യമന്ത്രി പക്ഷെ ആഭ്യന്തരം ഉള്‍പ്പെടെയുള്ള നിര്‍ണായക വകുപ്പുകള്‍ വിട്ടുനല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ഇടഞ്ഞ ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്നും വ്യക്തമാക്കി. കൂടാതെ ചെന്നിത്തല അധ്യക്ഷത വഹിക്കേണ്ട കണ്ണൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് അദ്ദേഹം പിന്‍മാറി. പ്രതിരോധമന്ത്രി എ.കെ ആന്റണി പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്.
https://www.facebook.com/Malayalivartha