ചെന്നിത്തലയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വരും, ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും, വൈകിയാല്‍ മൗനം വെടിയുമെന്ന് ചെന്നിത്തല
കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ രണ്ട് അധികാര കേന്ദ്രത്തിനായിട്ടുള്ള ചരടുവലികളും നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തീരെ കുറഞ്ഞു പോയത് ഭരണത്തില്‍ തന്നെ ഒരു അനിശ്ചിതാവസ്ഥ കൊണ്ടുവന്നു. ഇത്രയും കുറഞ്ഞ ഭൂരിപക്ഷം കൊണ്ട് എങ്ങനെ അഞ്ചുവര്‍ഷം തികയ്‌ക്കുമെന്ന് ആര്‍ക്കും ഉറപ്പില്ല. എന്തായാലും മൂത്രമൊഴിക്കാന്‍ പോയാല്‍ തീരുന്ന ഭൂരിപക്ഷത്തില്‍ അധികാരത്തിലേറണ്ടെന്ന് ചെന്നിത്തലയും തീരുമാനിച്ചു. വെറുതെയൊരു മന്ത്രിയാകുന്നതിനെക്കാളും നല്ലതാണ് കാത്തിരിന്ന് നല്ലൊരു സ്ഥാനം നേടുക എന്നത്. അങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സമയത്ത് ചെന്നിത്തല തന്ത്രപൂര്‍വ്വം ഒഴിയുകയായിരുന്നു. അന്നായിരുന്നെങ്കില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഒരു പ്രശ്‌നമേ അല്ലായിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന ഉപ തെരഞ്ഞെടുപ്പുകളിലെ യുഡിഎഫ് വിജയങ്ങളും, സിപിഎമ്മിലെ പ്രശ്‌നങ്ങളും ഭരണ സ്ഥിരത നല്‍കി. അതോടെ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വീണ്ടും ചര്‍ച്ചാവിഷയമായി. തെരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് കേണ്‍ഗ്രസ് നേതൃത്വം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ഉറപ്പും നല്‍കിയിരുന്നത്രേ. എന്നാല്‍ രമേഷ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം നല്‍കാതെ തിരുവഞ്ചൂരിനത് നല്‍കി. അതോടെ പരസ്യമായ യാതൊരു എതിര്‍പ്പുമില്ലാതെ ചെന്നിത്തല ഉള്‍വലിഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തില്‍, കേരള യാത്രയോടെ ചെന്നിത്തല കൂടുതല്‍ കരുത്താര്‍ജിച്ച് ഉടന്‍ മന്ത്രിയാകുമെന്ന് തോന്നിപ്പിച്ചതാണ്.
രാഹുല്‍ ഗാന്ധിയും ആന്റണിയും പോലും കേരളയാത്രയ്‌ക്കെത്തിയെങ്കിലും പാവം ചെന്നിത്തലയെ ആരും ഗൗനിച്ചില്ല. അതൊടെ കേരളയാത്രയില്‍ നിന്നും നേടിയ ഗ്ലാമറെല്ലാം നശിച്ച് ചെന്നിത്തല കരിവാളിച്ചുപോയി. ആഭ്യന്തര വകുപ്പ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കേവലമൊരു വകുപ്പ് മന്ത്രിയാവണ്ടെന്ന നിലപാട് ചെന്നിത്തലയുമെടുത്തതോടെ പഴയ ഗ്രൂപ്പ് നേതക്കന്മാര്‍ക്ക് ഒരവസരം കൂടിക്കിട്ടി.
കേരളത്തില്‍ നേതാക്കന്മാര്‍ കടിപിടികൂടുന്നതറിഞ്ഞ് ഹൈക്കമാന്‍ഡും ഇടപെട്ടു. ആരും മിണ്ടിപ്പോകരുതെന്ന ശാസനയും. എല്ലാവരും തല്‍ക്കാലം നിശബ്‌ദമായി. എന്നാല്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉടന്‍ മൗനം വെടിയുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. എനിക്ക് അധികകാലം കാത്തിരിക്കാന്‍ കഴിയില്ല. എട്ട് വര്‍ഷത്തെ അനുഭവങ്ങള്‍ പലതുമുണ്ട്. കെപിസിസി പ്രസിഡന്റായ കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയുമെന്നും അഭിമുഖത്തില്‍ ചെന്നിത്തല മുന്നറിയിപ്പ് നല്‍കുന്നു.
പ്രശ്‌നപരിഹാരത്തിനായി വീണ്ടും പഴയ ഫോര്‍മുലയാണ് ഉരുത്തിരിയുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്‌ക്കു കൊടുക്കും, ഒപ്പം റവന്യൂവും. തിരിവഞ്ചൂരില്‍ നിന്നും ആഭ്യന്തരം മുഖ്യമന്ത്രിയും എടുക്കും. അങ്ങനെ മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെയാവും ചെന്നിത്തല. എങ്കിലും കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ആഭ്യന്തരത്തില്‍ കുറഞ്ഞൊന്നും വേണ്ടെന്നാണ് ഐഗ്രൂപ്പുകാരുടെ വാദം.
അതേസമയം രമേശ് ചെന്നിത്തല മന്ത്രിയാകേണ്ടതില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല പാര്‍ട്ടിയെ നയിക്കണം. ചെന്നിത്തല മന്ത്രിയാകുന്നതിലോ ഉപമുഖ്യമന്ത്രിയാകുന്നതിലോ ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പില്ല. രമേശിന് ആഭ്യന്തരവകുപ്പ് നല്‍കുന്നതിലാണ് ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പെന്നും തങ്കച്ചന്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha