കോണ്‍ഗ്രസിനും ചോദിക്കാനും പറയാനും ആളുണ്ട്, നാണമുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്ന് ഷുക്കൂര്‍, ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കിട്ടിയതല്ലെന്ന് വെള്ളാപ്പള്ളി
കുറേ നാളുകളായി മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഈ സമുദായ നേതാക്കന്മാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസായി ജനിച്ച ആരുമില്ലേ എന്ന്. തലപ്പത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് സമുദായ നേതാവെന്ന് കോള്‍ക്കുമ്പോഴേ പനിപിടിക്കും. നാടൊട്ടുക്കും തലങ്ങും വിലങ്ങും നടക്കുന്ന സംഭവങ്ങള്‍ക്കു പോലും മറുപടി പറയുന്ന നേതാക്കന്മാര്‍ക്ക് സമൂദായിക നേതാക്കന്മാരുടെ കളിയാക്കലിനോ വിമര്‍ശനങ്ങള്‍ക്കോ ഒരു മറുപടിയുമില്ല. അങ്ങനെ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമായി. അവസാനം സമുദായ നേതാക്കന്മാര്‍ക്കും ബോറടിച്ചു തുടങ്ങി. പ്രതികരണ ശേഷിയില്ലാത്ത ചുമരിനെയാണല്ലോ തങ്ങള്‍ വിമര്‍ശിച്ചതെന്ന ജാള്യതയും അവര്‍ക്കുണ്ടായി.
എന്നാല്‍ പെട്ടന്നാണ് ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ക്ക് ബോധോദയമുണ്ടായത്. തങ്ങളുടെ ആരാധ്യനായ നേതാക്കന്മാരായ രമേഷ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമല്ലേ ഇങ്ങനെ കളിയാക്കുന്നത്. ഇതങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ല. പെട്ടന്നു തന്നെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കൂടി. സമുദായ നേതാക്കള്‍ കോണ്‍ഗ്രസിന് നേരെയുള്ള പരിഹാസം അവസാനിപ്പിച്ചില്ലെങ്കില്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്നും അവര്‍ പറഞ്ഞു. പോരാത്തതിന് ഒരു പ്രമേയം തന്നെ പാസാക്കി. അങ്ങനെ തരത്തിന് കളിക്കാനായി സാമുദായിക നേതാക്കന്മാര്‍ക്ക് ആളിനെക്കിട്ടി. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളെ പ്രോ വൈസ് ചാന്‍സലറാക്കാത്തതിന്റെ വേവാണ് ഇതെന്നുവരെ അലപ്പുഴ കോണ്‍ഗ്രസ് ആരോപിച്ചു. ഇതോടെ സുകുമാരന്‍ നായര്‍ നിയമനടപടിലേക്ക് പോകുമെന്നായി.
ഇനി എസ്‌എന്‍ഡിപിയുടെ ഊഴം. രമേശ് ചെന്നിത്തല തെക്കുവടക്ക് നടക്കുമെന്ന് പറയാന്‍ വെള്ളാപ്പള്ളിക്ക് എന്ത് അവകാശമാണെന്നാണ് ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ എംഎം ഷുക്കൂര്‍ പറയുന്നത്. മാത്രവുമല്ല കോണ്‍ഗ്രസുകാരനായി ജനിച്ച ആരും പറയാത്ത കാര്യവും കൂടി ഷുക്കൂര്‍ പറഞ്ഞു. നാണവും മാനവും ഉണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ എസ്‌എന്‍ഡിപി രാജി വയ്‌ക്കണം.
സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി ചെയ്തിരുന്ന കാലത്തും വെള്ളാപ്പള്ളി നടേശന്‍ കള്ള്കച്ചവടം നടത്തിയിരുന്ന കാലത്തും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്നെന്ന് ഓര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.
അതോടെ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഷുക്കൂറിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിന്റേതാണോന്നാണ് വെള്ളാപ്പള്ളിയുടെ സംശയം. എസ്‌എന്‍ഡിപിക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം ഷുക്കൂറിന്റെ ഔദാര്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രവുമല്ല ഷുക്കൂറിന്റെ വീട്ടില്‍ നിന്നല്ല സ്ഥാനങ്ങള്‍ നല്‍കിയത്. കേരള രാഷ്‌ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രം ഷുക്കൂര്‍ ആരാണെന്നാണ് വെള്ളാപ്പള്ളിക്ക് അറിയേണ്ടത്. ഇതിനെതിരെ സോണിയാഗാന്ധിയോട് പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha