കെപിസിസി ആലപ്പുഴയിലേക്ക് മാറ്റി, മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കും പറയാനുള്ളത് ഷുക്കൂര്‍ പറഞ്ഞു, സാമുദായിക നേതാക്കന്മാര്‍ സര്‍വ്വതും ത്യജിക്കാന്‍ തയ്യാര്‍
മലയാളികളുടെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരുടെ കാണപ്പെട്ട നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയും. അടുത്തിടെയായി ഈ സമുദായ നേതാക്കന്മാര്‍ ഉമ്മന്‍ ചാണ്ടിയേയും രമേഷ് ചെന്നിത്തലയേയും പരിഹസിച്ചതിന് കണക്കില്ല. ഉമ്മന്‍ ചാണ്ടി കുതികാല്‍ വെട്ടുന്നവനാണെന്നും കരുണാകരനെ മറിച്ചിട്ടതില്‍ പ്രധാനിയാണെന്നു വരെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കരുണാകരന്റെ വത്സല പുത്രനായ കെ. മുരളീധരന്റെ മനസില്‍ ഇക്കാര്യങ്ങളുണ്ടെങ്കില്‍ പോലും അദ്ദേഹം അത് മിണ്ടുമോ. എങ്കില്‍ കുട്ടി കോണ്‍ഗ്രസുകാരുടെ മുതല്‍ ചാനല്‍ ആക്രമണമായിരിക്കും ഫലം. മുഖ്യമന്ത്രിയാവട്ടെ ഒന്നും മിണ്ടിയില്ല. അല്ലങ്കില്‍ തന്നെ ന്യൂനപക്ഷ പ്രീണനായ മുഖ്യമന്ത്രിയെന്നുവരെ പേരുണ്ട് ഇതിനിടയ്‌ക്ക് എന്‍എസിഎസിന് മറുപറി പറഞ്ഞാലുണ്ടാകുന്ന ഭവിഷത്ത് ഓര്‍ത്ത് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല.
ഇതിനിടയ്‌ക്ക് ശരിക്കും സ്‌കോര്‍ ചെയ്‌തത് വെള്ളാപ്പള്ളി നടേശനാണ്. പണ്ടേ രമേശ് ചെന്നിത്തലയ്‌ക്കിട്ട് രണ്ട് കൊടുക്കണമെന്ന് വെള്ളാപ്പള്ളി കരുതിയതാണ്. പക്ഷേ സുകുമാരന്‍ നായരുമായി അടുത്തിടെ ഉണ്ടായ അടുപ്പത്തിന് കോട്ടം തട്ടുമെന്നു കരുതു മിണ്ടിയില്ല. രണ്ടാം വട്ടവും ചെന്നിത്തല മന്ത്രിയാകില്ലെന്നു കണ്ടപ്പോള്‍ സുകുമാരന്‍ നായര്‍ പോലും ചെന്നിത്തലയെ വിമര്‍ശിച്ചപ്പോള്‍ വെള്ളാപ്പള്ളി നോക്കിയിരുന്നില്ല. കേരളയാത്ര കഴിഞ്ഞപ്പോള്‍ മന്ത്രിയാവാന്‍ പോയ ചെന്നിത്തലയുടെ ഡെഡ്‌ബോഡിയാണ് കണ്ടതെന്നുവരെ വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിയാവാന്‍ ചെന്നിത്തല തെക്കുവടക്കു നടക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സാക്ഷാല്‍ കെ. കരുണാകരനേയും, മകനായ കെ. മുരളീധരനേയും ചങ്കൂറ്റത്തോടെ പുറത്താക്കിയ കെ.പി.സി.സി. പ്രസിഡന്റിനെയാണ്, തങ്ങളുടെ ആനുകൂല്യം പറ്റുന്ന ഒരു സാമുദായിക നേതാവ് ഡെഡ് ബോഡി എന്നു വിളിച്ചത്. ചെന്നിത്തല പണ്ടേ അങ്ങനെയാണ് സാമുദായിക നേതാക്കന്മാര്‍ക്ക് മറുപടി പറയില്ല. വേറെയാരെങ്കിലുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു നോക്ക്.
നേതാക്കന്മാര്‍ക്കില്ലെങ്കില്‍ പിന്നെന്തിനാ തങ്ങള്‍ അടികൂടുന്നത് എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചിന്തിച്ചത്. ഇത് സാമുദായിക നേതാക്കന്മാര്‍ക്കറിയാം. അവര്‍ അവസരം മുതലെടുത്തുകൊണ്ടിരുന്നു. ഇവിടെയൊരു കെപിസിസി ഉള്ളതായി പോലും ആരുമറിഞ്ഞില്ല. രമേശ് ചെന്നിത്തല പനിപിടിച്ച് മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ നിന്നും വിട്ടുനിന്നു. മുഖ്യമന്ത്രിയാവട്ടെ എല്ലാം ബുധനാഴ്‌ച പറയാമെന്ന മട്ടില്‍ ഒഴിഞ്ഞുമാറി.
അപ്പോഴാണ് ആലപ്പുഴയില്‍ നിന്നും വാര്‍ത്തകള്‍ വരുന്നത്. അതും ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നും. ഐ ഗ്രൂപ്പിന് വ്യക്തമായ സ്വാധീനമുള്ള സ്ഥലം. കോണ്‍ഗ്രസുകാര്‍ സാമുദായിക നേതാക്കന്മാരെപ്പറ്റി മനസാ കരുതിയിരുന്നതെല്ലാം ജില്ലാ കമ്മിറ്റി പ്രമേയമായി പാസാക്കിയിരിക്കുന്നു.
പ്രമേയത്തിന്റെ ഉള്ളടക്കമറിഞ്ഞ സാദാ പ്രവര്‍ത്തകര്‍ മുതല്‍ തലമൂത്ത നേതാക്കന്മാര്‍ വരെ കുളിരുകോരി. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളെ പ്രോ വൈസ് ചാന്‍സലറാക്കാത്തതിന്റെ വേവാണ് ഇതെന്നുവരെ അലപ്പുഴ കോണ്‍ഗ്രസ് ആരോപിച്ചു. രമേശ് ചെന്നിത്തല തെക്കുവടക്ക് നടക്കുമെന്നും, ഡെഡ്‌ബോഡിയാണെന്നും പറയാന്‍ വെള്ളാപ്പള്ളിക്ക് എന്ത് അവകാശമാണെന്നാണ് ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ എംഎം ഷുക്കൂര്‍ ചോദിച്ചത്. സുകുമാരന്‍ നായര്‍ ഗുമസ്‌തപ്പണി ചെയ്യുന്ന കാലത്തും വെള്ളാപ്പള്ളി കള്ളു കച്ചവടം നടത്തുന്ന കാലത്തും രമേശും ഉമ്മന്‍ചാണ്ടിയും അധികാരത്തിലുണ്ടെന്നും തീര്‍ത്തു പറഞ്ഞു. മാത്രവുമല്ല കോണ്‍ഗ്രസുകാരനായി ജനിച്ച ആരും പറയാത്ത ഒരു കാര്യവും കൂടി ഷുക്കൂര്‍ പറഞ്ഞു. നാണവും മാനവും ഉണ്ടെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജി വയ്‌ക്കണം.
അങ്ങനെ ആലപ്പുഴ ഡിസിസിയുടെ പ്രമേയം രണ്ട് സാമുദായിക നേതാക്കന്മാര്‍ക്കുമേറ്റ ശക്തമായ പ്രഹരമായി മാറി. തലമുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ പറയാത്ത കാര്യമാണ് ഷുക്കൂര്‍ പറഞ്ഞത്.
അതോടെ സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഷുക്കൂറിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിന്റേതാണോയെന്നാണ് അവരുടെ സംശയം. എസ്‌എന്‍ഡിപിക്ക് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യം ഷുക്കൂറിന്റെ ഔദാര്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാത്രവുമല്ല ഷുക്കൂറിന്റെ വീട്ടില്‍ നിന്നല്ല സ്ഥാനങ്ങള്‍ നല്‍കിയത്. കേരള രാഷ്‌ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രം ഷുക്കൂര്‍ ആരാണെന്നാണ് വെള്ളാപ്പള്ളിക്ക് അറിയേണ്ടത്. ഇതിനെതിരെ സോണിയാഗാന്ധിയോട് പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കിട്ടിയ സ്ഥാനങ്ങല്‍ രാജിവയ്‌ക്കുമോന്ന് ഉറപ്പിച്ചു പറയാന്‍ വെള്ളാപ്പള്ളി തയ്യാറുമല്ല.
എന്നാല്‍ സുകുമാരന്‍ നായര്‍ ശക്തമായ നിലപാടെടുത്തു. മകളെക്കൊണ്ട് എം.ജി. സര്‍വ്വകലാശാലയുടെ ഡിന്‍ഡിക്കേറ്റ് അംഗത്വം രാജി വയ്‌പ്പിച്ചു. സര്‍ക്കാരില്‍ നിന്നും കിട്ടിയ ബാക്കി സ്ഥാനങ്ങള്‍ രാജി വയ്‌ക്കാനുള്ള അറിയിപ്പും അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇരു നേതാക്കന്മാരും നിയമ നടപടിക്കും ഒരുങ്ങുകയാണ്.
സാക്ഷാല്‍ കെപിസിസിയ്‌ക്ക് പോലും കഴിയാത്ത കാര്യമാണ് കേവലമൊരു ജില്ലാകമ്മിറ്റി ചെയ്‌ത് കൊടുത്തത്. എല്ലാവര്‍ക്കും ഒരു സംശയമെയുള്ളൂ. ഈ കെപിസിസി ആലപ്പുഴയിലേക്ക് മാറ്റിയോ. ഷുക്കൂറാണോ വര്‍ക്കിംഗ് പ്രസിഡന്റ്.
https://www.facebook.com/Malayalivartha