മുഖ്യമന്ത്രിക്ക് തീരുമാനിക്കാം ഒന്നുകില്‍ പി.സി. ജോര്‍ജ് അല്ലെങ്കില്‍ ഗണേഷ് കുമാര്‍, മന്ത്രിയാക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്‌ക്കും, സഹകരണവും മതിയാക്കും
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഏതാണ്ട് പൂര്‍ത്തിയാകുമെന്ന ഘട്ടത്തിലാണ് ബാലകൃഷ്‌ണ പിള്ള മകനെ മന്ത്രിയാക്കണമെന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയെ കണ്ടത്. ചെന്നിത്തലയുടെ സത്യ പ്രതിജ്ഞയോടൊപ്പം ഗണേഷ് കുമാറിന്റെ സത്യ പ്രതിജ്ഞയും നടത്താനാണ് ബാലകൃഷ്‌ണ പിള്ളയുടെ തീരുമാനം. ഇത് മുന്നില്‍ കണ്ട് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗണേഷ് കുമാര്‍ എന്തിന്റെ പേരിലാണോ രാജി വച്ചത് ആ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഗണേഷ് കുമാര്‍ മന്ത്രിയാകുന്നതിനുള്ള എതിര്‍പ്പ് കുറഞ്ഞു വരികയാണ്. കാരണം 3 അംഗ ഭൂരിപക്ഷമുള്ള മന്ത്രിസഭയില്‍ പിള്ളയുടെ വാക്കു കേട്ട് ഗണേഷ്‌കുമാര്‍ കൂറുമാറിയാല്‍. അതാരുംതന്നെ ഇഷ്‌ടപ്പെടുന്നില്ല.
സര്‍ക്കാരിനെ നേരിയ ഭൂരിപക്ഷത്തില്‍ നിന്നും ഇത്രത്തോളമാക്കിയ പി.സി. ജോര്‍ജിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ ആരും വില കല്‍പ്പിക്കുന്നില്ല. അതാണ് അദ്ദേഹം ശക്തമായ നിലപാടിലേക്ക് നീങ്ങുന്നത്. ഗണേശ് കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ ആ നിമിഷം ഗവ. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും രാജി വയ്‌ക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാത്രവുമല്ല ഗണേഷ് മന്ത്രിയായാല്‍ ആ നിമിഷം സര്‍ക്കാരുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കാനും പദ്ധതിയുണ്ട്. ചില മുതിര്‍ന്ന നേതാക്കളോട് ജോര്‍ജ് ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.
വേലിയില്‍ ഇരിക്കുന്ന പാമ്പിനെ തോളത്തിട്ട് വീണ്ടും അടി വാങ്ങണോ എന്ന് ബാലകൃഷ്‌ണ പിള്ള ചിന്തിക്കണമെന്ന് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഗണേഷിനെ മന്ത്രിയാക്കാനാവശ്യപ്പെട്ട് കത്ത് കൊടുക്കാന്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക് അവകാശമുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് യുഡിഎഫാണ്. ഗണേഷിനെ മന്ത്രിസഭയിലേക്ക് വീണ്ടുമെടുക്കുന്നത് ധാര്‍മ്മികതയല്ലെന്നും പറഞ്ഞു.
വീണ്ടും മന്ത്രിയാവാനായി ഗണേഷ്‌കുമാര്‍ ചരടുവലിക്കുന്നത് കണ്ട് പി.സി. ജോര്‍ജ് നേരത്തേ രംഗത്തെത്തിയിരുന്നു. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ കഴിയില്ല. രാജിക്ക് ഇടയായ കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. യാമിനി പറഞ്ഞ കാര്യങ്ങള്‍ ഗണേഷ് സമ്മതിച്ചതാണ്. യാമിനിയുടെ സത്യവാങ്‌മൂലം നിലനില്‍ക്കുന്നിടത്തോളം ഗണേഷ് പാപിയാണ്. യുഡിഎഫില്‍ ചര്‍ച്ചചെയ്യാതെ ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയ്‌ക്ക് ക്യാബിനറ്റ് റാങ്കോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക് വീണ്ടുമൊരു മന്ത്രിയെ എങ്ങനെ കൊടുക്കാനാവും. എങ്കില്‍ പലപാര്‍ട്ടികള്‍ക്കും വീണ്ടും മന്ത്രിസ്ഥാനം കൊടുക്കേണ്ടി വരും. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേഷിനെ മന്ത്രിയാക്കാനുള്ള മണ്ടന്‍ തീരുമാനം എടുക്കുമെന്ന് കരുതുന്നില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
ഗണേഷ് മുന്നണിക്ക് അപമാനമാണ്. എംഎല്‍എ ആയി തുടരുന്നതു പോലും ശരിയല്ല. ഗണേഷിനെ മന്ത്രിയാക്കാം. പക്ഷേ അത് മുഖ്യമന്ത്രിയുടെ പാര്‍ട്ടി ഒറ്റയ്‌ക്ക് ഭരിക്കുമ്പോഴേ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു.
ഗണേഷിനെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്നാണ് പിസിയുടെ നിലപാട്. അത്‌കൊണ്ടാണ് ബാലകൃഷ്‌ണപിള്ള മകനെ മന്ത്രിയാക്കാനുള്ള കത്തുമായി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്നെ ഇങ്ങനെയൊരു നിലപാടെടുത്തത്.
https://www.facebook.com/Malayalivartha