ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്ത്, മുസ്ലീംലീഗിനും വേണം ഉപമുഖ്യമന്ത്രി, ഒന്നാമനായ കെപിസിസി പ്രസിഡന്റ് ഇനി എത്രാം സ്ഥാനത്തേക്ക്?
അയ്യോ എനിക്ക് ഒന്നാമനാകണ്ടെ രണ്ടാമനായാലും മതിയേ എന്ന നിലപാടിലാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഭരണത്തിലിരിക്കുന്ന പ്രധാമന്ത്രിയെക്കാള്‍ എത്രയോ ഉയരെയാണ് കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാഗാന്ധി. കേരളത്തിലും അതില്‍ നിന്നും വിഭിന്നമല്ല. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് തുല്യമായി ഒന്നാമതാണെന്നാണ് ഉമ്മന്‍ ചാണ്ടി പോലും വ്യക്തമാക്കിയത്. കേരളത്തിലതങ്ങനെയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നാലും അതിനൊരു മഹാത്മ്യവും കാണില്ല. കൊടിവച്ച കാറില്‍ എസ്‌കോട്ടോടെ ഒന്ന് ചുറ്റിയടിക്കണം. നാല് പോലീസുകാരെക്കൊണ്ട് സല്യൂട്ടടിപ്പിക്കണം. മുഖ്യമന്ത്രിയായില്ലെങ്കിലും വേണ്ടില്ല ഒരു സാധാ മന്ത്രിയെങ്കിലുമായാല്‍ മതിയെന്ന കാഴ്‌ചപ്പാടിലാണ് കേരളത്തിലെ പല കോണ്‍ഗ്രസ് പ്രസിഡന്റുമാരും.
അതില്‍ ഏറ്റവും മുമ്പില്‍ നിന്ന ആളാണ് കെ. മുരളീധരന്‍. ഐ ഗ്രൂപ്പിന്റെ നേതാവായി കരുണാകരന്റെ കടും പിടുത്തം കൊണ്ട് കെപിസിസി പ്രസിഡന്റ് പദം കിട്ടിയ ആളാണ് കെ. മുരളീധരന്‍. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ട് എതിരാളികളുടെ പോലും പ്രശംസയ്‌ക്ക് മുരളീധരന്‍ പാത്രമായി. ഇതിനിടയ്‌ക്കാണ് മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ നിലപാടെടുത്തത്. ഫലത്തില്‍ വൈദ്യുതി മന്ത്രിയായെങ്കിലും തെരഞ്ഞെടുപ്പില്‍ വേണ്ടപ്പെട്ടവരെല്ലാം സഹായിച്ചതിനാല്‍ മന്ത്രിപ്പണിയും പോയി, കെ.പി.സി.സി പ്രസിഡന്റ് പദവും പോയി.
കെ. മുരളീധരന്റെ ഈ അവസ്ഥ കണ്ടാണ് പ്രതിപക്ഷ ഉപനേതാവും പഴയ ആഭ്യന്തര മന്ത്രിയുമായ കൊടിയേരി ബാലകൃഷ്‌ണന്‍ പോലും പറഞ്ഞത്. വേണ്ട രമേശേ വേണ്ട... മുരളീധരന്റെ അവസ്ഥയിലേക്ക് തന്നെ പോകും. ആരു കേള്‍ക്കാന്‍. മന്ത്രി പദം ചെന്നിത്തലയ്‌ക്ക് തലക്ക് പിടിച്ചതു പോലെയാണ്. ആദ്യമൊക്കെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാനായി ശ്രമിച്ചപ്പോള്‍ ചെന്നിത്തല ഒഴിഞ്ഞുമാറിയത് കണ്ട് നമ്മള്‍ കോള്‍മയില്‍ കൊണ്ടതാണ്. പിന്നീടാണറിയുന്നത്. സുകുമാരന്‍ നായരെപ്പോലും കബളിപ്പിച്ചു കൊണ്ട് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് ചെന്നിത്തല വരുത്തിത്തീര്‍ക്കുകയാണെന്ന്. അങ്ങനെ ചെന്നിത്തല കാരണം സുകുമാരന്‍ നായരും നാറി.
കേരളയാത്രയോടെയാണ് ചെന്നിത്തല തന്റെ അധികാര മോഹം വീണ്ടുമെടുത്തത്. ശക്തമായ ജന പിന്തുണ തനിക്കാണെന്ന് മനസിലാക്കി വീണ്ടും മന്ത്രി പദത്തിനായി ചരടുവലിച്ചു. ഇത്തവണ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയുടെ യഥാര്‍ത്ഥ മുഖം മലയാളികള്‍ക്ക് കാട്ടിക്കൊടുത്തു. മന്ത്രി സ്ഥാനം താത്‌പര്യമില്ലന്നു പറഞ്ഞിരുന്ന ചെന്നിത്തലയെ കൊണ്ടുതന്നെ എല്ലാം പറയിപ്പിച്ചു. മന്ത്രി സ്ഥാനം മാത്രം പോര. ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി. ആഭ്യന്തരം കൊടുത്തു കൊണ്ടുള്ള ഒരു വിട്ടുവീഴ്‌ചയ്‌ക്കും മുഖ്യമന്ത്രി തയ്യാറാവത്തതോടെ ഉപമുഖ്യമന്ത്രിയും റവന്യൂവുമായി.
എങ്കിലും ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്താണ്. മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി പദത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം ഉപ മുഖ്യമന്ത്രിസ്ഥാനത്തിന് ചെന്നിത്തലയെക്കാളും പരിചയമുള്ള നേതാക്കളായ കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അര്‍ഹനാണെന്ന വാദവും വന്നു. കാരണം നാല്‍പ്പതില്‍ താഴെ സീറ്റു കിട്ടിയ കോണ്‍ഗ്രസിനാണ് ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളുമുള്ളത്. അതു കൊണ്ടാണ് കെ.എം. മാണിയും, പി.കെ. കഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന് തങ്ങളും അര്‍ഹരാണെന്ന് പറഞ്ഞത്.
അതോടെ ആ വഴിയും അടഞ്ഞു. ഒന്നാമനായ കെപിസിസി പ്രസിഡന്റു പദത്തില്‍ നിന്നും ഇനി എത്രാം സ്ഥാനത്തേക്ക് പോകുമെന്ന് കണ്ടുതന്നെ അറിയാം.
https://www.facebook.com/Malayalivartha