ചാരക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയരുതെന്ന് ഹൈക്കോടതി
ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ്, കെ.കെ ജോഷ്യ എന്നിവര്‍ നല്കിയ അപ്പീലിലാണ് വിധി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന് സിബിഐയും നിര്‍ദേശിച്ചിരുന്നു.
വിധി അപ്രതീക്ഷിതമാണെന്ന് നമ്പി നാരായണന് പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസത്തിനകം തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയുടെ പേരില്‍ നടപടി വേണമെന്ന സിബിഐ റിപ്പോര്‍ട്ട് അവഗണിച്ചെന്നാരോപിച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് ഹര്‍ജി നല്കിയതു പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ചു വിധി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന് എന്നിവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന 2011 ജൂണ്‍ 29ലെ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ പുനഃപരിശോധനാ നിര്‍ദ്ദേശം.
ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും കെ കെ ജോഷ്വായും നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. 1994 ഒക്ടോബര്‍ 20നാണു മാലി സ്വദേശി മറിയം റഷീദയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് ഐഎസ്ആര്‍ഒ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. 1994 നവംബര്‍ 11നു സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് ഏറ്റെടുത്തു. ആറു പേരായിരുന്നു പ്രതികള്‍. നവംബര്‍ 30നു നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. പിന്നീട് 1994 ഡിസംബര്‍ രണ്ടിന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസ് രാഷ്ട്രീയ രംഗത്തും കോളിളക്കം സൃഷ്ടിച്ചതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനു രാജിവയ്ക്കേണ്ടി വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha