നിസാമിനെതിരെയുള്ള പഴയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല, കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിനെതിരായ പഴയ കേസുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിസാം ഒത്തുതീര്‍പ്പാക്കിയ കേസുകള്‍ എല്ലാം വിജിലന്‍സിന്റെ പരിഗണനയിലാണ്. നിസാമിന്റെ സാമ്പത്തിക ഇടപാടുകള്‍ സി.ബി.സി.ഐ.ഡി അന്വേഷിക്കും. കേസുകളില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബാബു എം. പാലിശേരി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിസാമുമായി ഡി.ജി.പിക്ക് യാതൊരു ബന്ധവും ഇല്ല.
ഡി.ജി.പി തൃശൂരില്‍ പോയത് ഔദ്യോഗിക ആവശ്യത്തിനാണ്. നിസാമിന് ഒരു തരത്തിലുള്ള സഹായവും പൊലീസ് ചെയ്തു നല്‍കിയിട്ടില്ല. ബംഗളൂരില്‍ തെളിവെടുപ്പിന് കൊണ്ടുപോയത് ടെംപോ ട്രാവറിലാണ്. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നിസാം ഫോണില്‍ സംസാരിച്ചത് ഫ്ളാറ്റിന്റെ താക്കോല്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടാണെന്നും ചെന്നിത്തല വിശദീകരിച്ചു. ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടത് ആശുപത്രിയില്‍ നിന്നാണ്. വസ്ത്രങ്ങള്‍ പൊലീസിനെ ഏല്പിക്കുന്നതില് വീഴ്ച വരുത്തിയ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും ചെന്നിത്തല അറിയിച്ചു.
തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന് നിസാമുമായി ബന്ധമുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ബാബു എം. പാലിശേരി ആരോപിച്ചു. പി.എ. മാധവന് എം.എല്‍.എയ്ക്കും നിസാമുമായി ബന്ധമുണ്ട്. ബംഗളൂരു യാത്രയ്ക്കിടെയാണ് നിസാമിനെ രക്ഷിക്കുന്നതിനുള്ള ശ്രമം നടന്നത്. ബോധമുണ്ടായിരുന്ന സമയത്തും ചന്ദ്രബോസിന്റെ മൊഴിയെടുത്തില്ല. സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ നശിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha