തീപിടിച്ച ലോറി ജീവന് പണയപ്പെടുത്തി ഓടിച്ച് കുളത്തിലിറക്കിയ ഡ്രൈവറുടെ മനസാന്നിധ്യം കാരണം രക്ഷപ്പെട്ടത് ഒരു ഗ്രാമം
തീപിടിച്ച വയ്ക്കോല് ലോറി ജീവന് പണയപ്പെടുത്തി അര കിലോമീറ്ററോളം ഓടിച്ച് ഡ്രൈവര്‍ കുളത്തിലിറക്കി. ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം കാരണം രക്ഷപ്പെട്ടത് പാലക്കാട് കുഴല്‍മന്ദം ഗ്രാമപ്രദേശത്തെ നൂറുകണക്കിനു കുടുംബങ്ങള്‍. ഇതിനിടെ ലോറി ഡ്രൈവര്‍ കുത്തനൂര്‍ മലഞ്ചിറ്റി കടയ്ക്കാംപൊറ്റയില് സുദേവന് (53) മുഖത്തും കൈകളിലും പൊള്ളലേറ്റു. മിനിലോറി പൂര്‍ണമായും കത്തി നശിച്ചു.
കുഴല്‍മന്ദം നെച്ചുള്ളി മഞ്ഞാടിയിലെ കൃഷിയിടത്തില്‍ നിന്നു ശേഖരിച്ച വയ്ക്കോല് തൃശൂര്‍ പാമ്പാടിയിലേക്കു മിനിലോറിയില്‍ കയറ്റി പോകുന്നതിനിടെ ഇളന്നിരക്കോടിനു സമീപത്തായിരുന്നു തീപിടിത്തം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമപ്രദേശവും ഇടുങ്ങിയ റോഡുമായതിനാല്‍ വാഹനം നിര്‍ത്തുന്നതു കൂടുതല്‍ അപകടത്തിനിടയാക്കുമെന്നുള്ളതുകൊണ്ട് തുറസ്സായ സ്ഥലത്തേക്കു ലോറി മാറ്റാനായിരുന്നു ശ്രമം. ഇതിനിടെ മഞ്ഞടിയിലെ താമസക്കാരനും പാലക്കാട് അഗ്നിശമനസേനയിലെ ഫയര്‍മാനുമായ കാളോട് വീട്ടില്‍ വി. കണ്ണദാസ് സ്ഥലത്തെത്തി കുളത്തിലേക്കുള്ള വഴികാട്ടിയായി ലോറിക്കു മുന്‍പേ ഓടി. ഓട്ടത്തിനിടെ കണ്ണദാസ് പാലക്കാട്, ആലത്തൂര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു.
മിനിലോറിയിലെ വയ്ക്കോലില്‍ ഭൂരിഭാഗവും കത്തിയിരുന്നു. റോഡില്‍ വീണ വയ്ക്കോലിലെ തീ സമീപവാസികളും അഗ്നിശമന സേനയും ചേര്‍ന്നു കെടുത്തി. ഡ്രൈവര്‍ അരകിലോ മീറ്റര്‍ ഓടിച്ച് ലോറി സുരക്ഷിതമായി പൊറാട്ടുകുളത്തില് ഇറക്കുകയായിരുന്നു. ലോറിയില്‍ നിന്നു പുറത്തുകടക്കുന്നതിനിടെയാണു സുദേവനു പൊള്ളലേറ്റത്. ഇതിനിടെ ഡീസല്‍ ടാങ്കിലും നാലു ടയറുകളിലും തീപടര്‍ന്നു ലോറി കത്തി നശിച്ചു. അഞ്ചു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നുണ്ട്. വയ്ക്കോലുമായുള്ള ഓട്ടത്തിനിടെ വൈദ്യുതി ലൈനില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. സുദേവന് ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha