മാണിയുടെ ഭീഷണിയില്‍ വഴങ്ങി മുഖ്യമന്ത്രി, പി.സി. ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ചു വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നു ഉമ്മന്‍ ചാണ്ടി
പി.സി. ജോര്‍ജിന്റെ ചീഫ് വിപ്പ് സ്ഥാനം സംബന്ധിച്ചു വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശപര്യടനം കഴിഞ്ഞ് വ്യാഴാഴ്ച തിരിച്ചെത്തും. തുടര്‍ന്ന് എല്ലാവരുമായും കൂടിയാലോചിച്ചാകും തീരുമാനം. ഒരുകാരണവശാലും തീരുമാനം നീട്ടിക്കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജോര്‍ജ് എന്തെങ്കിലും ഉപാധി വച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം, കേരളാ കോണ്‍ഗ്രസി(എം)ല്‍ പി.സി. ജോര്‍ജിനു യാതൊരു പിന്തുണയുമില്ലെന്നും താനുള്‍പ്പെടെ എട്ട് എം.എല്‍.എമാരുടെയും പിന്തുണ കെ.എം. മാണിക്കാണെന്നും പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് മന്ത്രി പി.ജെ. ജോസഫ്. ജോര്‍ജിനെതിരേ മാണിക്കൊപ്പം മുഖ്യമന്ത്രിയെ കാണുകയും തുടര്‍ന്നു വിവാദം കത്തിപ്പടരുകയും ചെയ്തശേഷം ആദ്യമായാണു ജോസഫ് ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റുന്നതിനോടു ജോസഫിനു മാനസികമായി യോജിപ്പില്ലെന്നും അദ്ദേഹത്തെ നിര്‍ബന്ധിച്ചാണു മാണി മുഖ്യമന്ത്രിക്കരികിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നും ജോര്‍ജ് അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന്, ജോര്‍ജിനെതിരേ തീരുമാനമെടുത്ത നിയമസഭാകക്ഷിയില്‍ ജോസഫ് പങ്കെടുത്തിരുന്നെന്നു മാണിക്കു പത്രക്കുറിപ്പിറക്കേണ്ടിവന്നു. എന്നാല്‍, ഇരുനേതാക്കളുടെയും പ്രസ്താവനകളോട് ജോസഫ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.
പ്രശ്നത്തില്‍ പാര്‍ട്ടിക്കു നിശബ്ദനിലപാടല്ല ഉള്ളതെന്നും ജോര്‍ജിനെതിരേ സമയബന്ധിതമായി തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റണമെന്ന് എട്ട് എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാണു തീരുമാനിച്ചത്. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതു താനും മാണിയും ചേര്‍ന്നാണെന്നും ജോസഫ് പറഞ്ഞു. ജോര്‍ജിനെതിരായ തീരുമാനം എം.എല്‍.എമാര്‍ ഒറ്റക്കെട്ടായെടുത്തതാണെന്നും ഇതുസംബന്ധിച്ചു പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജോസഫ് പക്ഷത്തെ പ്രമുഖനായ കേരള കോണ്‍ഗ്രസ് (എം) നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് വ്യക്തമാക്കി. ഇതോടെ പാര്‍ട്ടിയില്‍നിന്നു പുറത്തുപോകേണ്ടിവന്നാല്‍ ജോസഫ് പക്ഷത്തു പ്രതീക്ഷവച്ചുള്ള ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയേറ്റു. മുഴുവന്‍ എം.എല്‍.എമാരും പാര്‍ട്ടി നിലപാടിനൊപ്പം നിലകൊള്ളുമെന്നു മോന്‍സ് വ്യക്തമാക്കി.
ജോര്‍ജ് പക്വതയോടെ പെരുമാറണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും കേരളാ കോണ്‍ഗ്രസ് (എം) എം.എല്‍.എ. തോമസ് ഉണ്ണിയാടന് തൃശൂരില്‍ ആരോപിച്ചു. എല്‍.ഡി.എഫില്‍നിന്നു പുറത്താക്കിയപ്പോള്‍ ജോര്‍ജിനു പുനര്ജന്മം നല്കി നേതാവാക്കിയതു മാണിയാണ്. പാലായില്‍ മാണി വിജയിക്കില്ലെന്ന ജോര്‍ജിന്റെ പ്രസ്താവന അപലപനീയമാണ്. ജോര്‍ജിനെ കണ്ടിട്ടല്ല പാലാക്കാര് വോട്ട് ചെയ്യുന്നത്. അവിടെ മാണിയുടെ ജനപിന്തുണ വലുതാണ്. പാര്‍ട്ടിക്ക് അവകാശപ്പെട്ട എല്ലാ സ്ഥാനങ്ങളും തുടര്‍ന്നും ലഭിച്ചേതീരൂവെന്ന് ഉണ്ണിയാടന് പറഞ്ഞു. പി.സി. ജോര്‍ജ് പറയുന്നതിനൊന്നും ഇനി പ്രതികരിക്കാനില്ലെന്നു മന്ത്രി കെ.എം. മാണി കോട്ടയത്തു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha