വിവാദത്തിനുമില്ല പൊല്ലാപ്പിനുമില്ല, മന്ത്രി പിജെ ജോസഫ് വാഗമണ്ണില്‍ ധ്യാനത്തില്‍
കേരളാകോണ്ഗ്രസില് ചെയര്മാന് മാണിയും വൈസ് ചെയര്മാന് പിസി തോമസും തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മന്ത്രി പി.ജെ.ജോസഫ് വാഗമണ്ണില്‍ ധ്യാനത്തില്‍. ധ്യാനം കഴിഞ്ഞ് ശനിയാഴ്ചയേ വീട്ടിലെത്തൂ. ഇത്രയും ദിവസം കുരിശുമല ആശ്രമത്തില്‍ ധ്യാനത്തിലായിരിക്കും അദ്ദേഹം. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ പെസഹാ വ്യാഴാഴ്ചയോ ദുഃഖവെള്ളിദിനത്തിലോ ചിലപ്പോള്‍ വീട്ടിലെത്തിയേക്കും.
പി.സി.ജോര്‍ജിനെതിരെ മാണി രംഗത്തുവന്നിട്ടും ദിവസങ്ങളോളം മൗനത്തില്‍ തുടര്‍ന്ന അദ്ദേഹം ഞായറാഴ്ച പരസ്യപ്രതികരണത്തിനു മുതിര്‍ന്നിരുന്നു. ജോസഫിന്റെ മൗനത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളും വന്നതോടെയാണ് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായത്.
മഞ്ഞിന്‍തണുപ്പില്‍ വാഗമണ്ണിലെ മലഞ്ചെരിവില്‍ 88 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തിന്റെ മുഖമുദ്ര നിശ്ശബ്ദതയാണ്. ഫ്രാന്‍സിസ് ആചാര്യയാണ് സ്ഥാപകന്‍. വെളുപ്പിന് നാലുമണിക്കാരംഭിക്കുന്ന വിവിധ പ്രാര്‍ഥനകളും വായനയും പഠനവും രാത്രി 8.30 വരെ നീളും. വിശുദ്ധവാരത്തില്‍ എല്ലാവര്‍ഷവും ഇവിടെയാണ് ചെലവഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ പ്രത്യേകതയൊന്നുമില്ല.
ഇതിനിടെ, പി.സി.ജോര്‍ജ് വിഷയത്തില്‍ തിങ്കളാഴ്ച ജോസഫ് ഗ്രൂപ്പ് നിശ്ശബ്ദമായിരുന്നു. ഏപ്രില്‍ രണ്ടുവരെ കാക്കാം എന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റിയാല്‍ പകരം തോമസ് ഉണ്ണിയാടനെയും എന്‍.ജയരാജിനെയും പരിഗണിച്ചേക്കുമെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. മോന്‍സ് ജോസഫിനു കിട്ടിയാല്‍ കൊള്ളാമെന്ന് ജോസഫ് പക്ഷനേതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും മാണി അതിനു തയ്യാറാകുമെന്ന് അവര്‍ കരുതുന്നില്ല. രാഷ്ട്രീയലക്ഷ്യംകൂടി മുന്‍നിര്‍ത്തി നായര്സമുദായക്കാരനായ ജയരാജിനെ പരിഗണിക്കാനിടയുണ്ടെന്നു കരുതുന്നവരാണ് ജോസഫ്ഗ്രൂപ്പില്‍ കൂടുതല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha