സംസ്ഥാനത്ത് ഇനി 24 ബാറുകള്‍ മാത്രം, 300 ബാറുകള്‍ക്ക് ഇന്ന് പൂട്ടുവീഴും: ഇനി ബാര്‍ കണി കാണാന്‍ കുടിയന്മാര്ക്ക് ജില്ല വിടേണ്ടി വരും
മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 24 മാത്രം. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന് ബഞ്ച് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നൂറ് ബാറുകള്‍ക്ക് ഇന്ന് പൂട്ടുവീഴും. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ നല്കിയ വിധിയും കോടതി റദ്ദാക്കിയതോടെ 24 ബാറുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഇനി തുറന്ന് പ്രവര്‍ത്തിക്കുക. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഉള്ളത്. തിരുവനന്തപുരത്ത് അഞ്ചു ബാറുകളാണുള്ളത്.
അതേസമയം, പത്തനംതിട്ടയിലും ആലപ്പുഴയിലും തൃശൂരിലും പാലക്കാട്ടും ഒരു ഫൈവ് സ്റ്റാര്‍ ബാറു പോലുമില്ല. ഈ ജില്ലയിലുള്ളവര്‍ക്ക് ബാറില്‍ പോയി മദ്യപിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരുമെന്നു ചുരുക്കം.
രാവിലെ പത്തേകാലിന് ആരംഭിച്ച വിധി പ്രസ്താവം വൈകുന്നേരം നാലരയോടെയാണ് പൂര്‍ത്തിയായത്. മാധ്യമപ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്തിയായിരുന്നു ബാര്‍ കേസില്‍ ഹൈക്കോടതിയുടെ വിധിപ്രസ്താവം. ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഇഷ്ടം പോലെ മദ്യം ലഭ്യമാക്കണമെന്നത് മൗലീകാവകാശമല്ലെന്നും നിരീക്ഷിച്ചു. പൊതു സ്ഥലത്ത് മദ്യപിക്കാനുള്ള ആവശ്യം അംഗീകരിക്കാനാകില്ല. മദ്യവില്‍പ്പന കുറയുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തില്‍ ബാര്‍ ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ല. മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന വാദം അംഗീകരിക്കാനാകില്ല. ടൂറിസം മേഖല നിലനില്ക്കാന് കൊക്കയ്ന്‍ വേണമെന്ന് നാളെ വാദിച്ചാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന് പോളിസി തീരുമാനിക്കാനുള്ള അധികാരമുണ്ട്. ഇതിലേയ്ക്ക് കോടതി കടക്കുന്നില്ല. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും ജനക്ഷേമത്തിനായി സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും കോടതി വിലയിരുത്തി.
പൂട്ടുന്ന ബാറുകളിലെ മദ്യം ഉദ്യോഗസ്ഥര്‍ 10.30 ന് സീല്‍ ചെയ്തു തുടങ്ങും. പൂട്ടുവീഴുന്ന ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുമതി നല്‍കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha