സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ : തലസ്ഥാനത്ത് ചീഫ് സെക്രട്ടറിക്കുള്ള രമ്യഹര്മ്മ്യത്തിനായി കോടികളുടെ ധൂര്‍ത്ത്
സാമ്പത്തിക ഞെരുക്കത്തില്‍ സംസ്ഥാനം നട്ടം തിരിയുമ്പോള്‍ ഒന്നേമുക്കാല്‍ കോടി രൂപ മുടക്കി ചീഫ്സെക്രട്ടറിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഗവണ്മെന്റ് കോണ്ട്രാക്ടറുമ്മാരെ പെരുവഴിയില്‍ ആക്കിയിരിക്കുമ്പോഴാണ് ചീഫ് സെക്രട്ടറിയുടെ വക ധൂര്‍ത്ത്. 3000 കോടിരൂപ കുടിശ്ശികയായതോടെ സര്‍ക്കാര്‍ കോണ്ട്രാകടര്മാര് അനിശ്ചിതകാല സമരത്തിലാണ്. പണം കൊടുക്കാത്തതിനാല്‍ അംഗന്‍വാടി കെട്ടിടം മുതല്‍ മെഡിക്കല്‍കോളജ് ആശുപത്രികളുടെ വരെ നിര്‍മ്മാണം തടസ്സപ്പെട്ടിരിക്കുമ്പോള്‍ ചീഫ് സെക്രട്ടറിക്കായി കോടികള്‍ ചെലവാക്കുന്നത് ധൂര്‍ത്താണെന്ന് ആക്ഷേപം ശക്തമാണ്.
കവടിയാര്‍ ഗോള്‍ഫ് ലിങ്ക്സ് റോഡില്‍ നേരത്തേ ഔദ്യോഗിക വസതിക്കായി കണ്ടെത്തിയ വീട് 95 ലക്ഷം രൂപയ്ക്ക് നവീകരിച്ച ശേഷം ഉപേക്ഷിച്ച ശേഷമാണ് ഇപ്പോഴത്തെ ധൂര്‍ത്ത്. പിന്നീട് കണ്ടെത്തിയ പുതിയ വീടിനാണ് ഒന്നേമുക്കാല്‍ കോടി മുടക്കുന്നത്. ഗോള്‍ഫ് ലിങ്ക്സ് റോഡില്‍ ചീഫ് സെക്രട്ടറിക്കായി ഔദ്യോഗിക വസതിയുടെ നിര്‍മ്മാണം നേരത്തേ ആരംഭിച്ചിരുന്നു. മുക്കാല്‍ഭാഗവും പണിപൂര്‍ത്തിയാക്കി കരാറുകാരന് 95ലക്ഷത്തിന്റെ ബില്ല് നല്കി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സര്‍ക്കാര്‍ പണം നല്‍കിയില്ല. അതോടെ വീടുപണി നിലച്ചു. തുടര്‍ന്ന് ഈ കെട്ടിടം ഉപേക്ഷിച്ച് മറ്റൊരു സര്‍ക്കാര്‍ കെട്ടിടം ഔദ്യോഗിക വസതിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
ഒന്നേമുക്കാല്‍ കോടി രൂപയ്ക്കാണ് സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ കെട്ടിടം മോടിപിടിപ്പിക്കുന്നതെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നേതാവായ റോയി വ്യക്തമാക്കി. പൊതുമരാമത്ത് ചട്ടങ്ങള്‍ മറികടന്നാണ് നിര്‍മ്മാണമെന്നും ആരോപണമുണ്ട്. പൊതുഭരണവകുപ്പാണ് പണം ചെലവഴിക്കുന്നത്. ഒരു സ്വകാര്യ കരാറുകാരനാണ് നവീകരണം നടത്തുന്നത്.
ചീഫ് സെക്രട്ടറിക്ക് തിരുവനന്തപുരത്ത് സ്വന്തം വീടുള്ളപ്പോഴാണ് തിരിക്കിട്ട് ഔദ്യോഗികവസതി ഒരുക്കുന്നത്.
എന്നാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ചീഫ്സെക്രട്ടറി ജിജിതോംസണ് പ്രതികരിച്ചു. സ്വാഭാവിക നടപടി ക്രമങ്ങള്‍ മാത്രമാണ് ഇപ്പോഴത്തേതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha