ഗൗരിയെ വരവേല്‍ക്കാന്‍ സിപിഎം ഒരുങ്ങി, സ്വാഗതം ചെയ്ത് വിഎസ്, മിണ്ടാതെ പിണറായി, അണികള്‍ ആവേശത്തില്‍
കെ.ആര്. ഗൗരിയമ്മയുടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സിപിഎം ഒരുങ്ങി. ഇതോടെ ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കുമെന്ന് ഉറപ്പായി. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച അവസാനവട്ട ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളുമിപ്പോള്‍.
ഗൗരിയമ്മയ്ക്കു സംസ്ഥാന കമ്മിറ്റിയില്‍ അംഗത്വം അല്ലെങ്കില്‍ ക്ഷണിതാവ് സ്ഥാനം നല്‍കാനാണ് ധാരണ. സംസ്ഥാന സമിതിയിലെ അംഗങ്ങള്‍ക്ക് നിലവില്‍ 80 വയസെന്ന പ്രായപരിധിയുണ്ട്. ഗൗരിയമ്മയ്ക്ക് പുറമേ ജെഎസ്എസിലെ മറ്റൊരു നേതാവിനും സംസ്ഥാന കമ്മിറ്റിയില്‍ അംഗത്വം നല്‍കും. ഏതായാലും ഗൗരിയമ്മയ്ക്ക് ഉചിതമായ സ്ഥാനം നല്കുന്നതില് സിപിഎമ്മില്‍ എതിര്‍പ്പില്ല. അതേ സമയം, ജെഎസ്എസിലെ മറ്റു നേതാക്കള്‍ക്കു നല്‍കേണ്ട സ്ഥാനം സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഗൗരിയമ്മയ്ക്കോ ഗൗരിയമ്മ നിര്‍ദ്ദേശിക്കുന്ന വ്യക്തിക്കോ നിയമസഭാ സീറ്റ് നല്‍കുന്നതും സിപിഐ(എം) ആലോചിക്കുന്നുണ്ട്. ജില്ലയിലെ ഒരു സിറ്റിങ് സീറ്റ് ജെഎസ്എസ് പ്രതിനിധിക്കു നല്കുന്നതു സംബന്ധിച്ചു സിപിഐ(എം) ജില്ലാ നേതൃത്വത്തിനും അനുകൂല നിലപാടാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ധാരണ ഉണ്ടായേക്കും.
സംസ്ഥാന നേതാക്കളായ രണ്ടു പേര്‍ക്കു സിപിഐ(എം) സംസ്ഥാന കമ്മിറ്റിയില്‍ അംഗത്വം വേണമെന്നു ജെഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരിയമ്മയ്ക്ക് പുറമേ ഒരാള്‍ക്ക് നല്‍കാമെന്നാണ് സിപിഐ(എം) നിലപാട്. ജെഎസ്എസിന്റെ കീഴ്ഘടകങ്ങളിലുള്ള നേതാക്കള്‍ക്കു സിപിഎമ്മിലെ അനുയോജ്യമായ കമ്മിറ്റികളില്‍ അംഗത്വം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ അംഗത്വം വേണ്ടവരുടെ പട്ടികയും ജെഎസ്എസ് സിപിഎമ്മിനു നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗൗരിയമ്മയെ നേരിട്ടു കണ്ടു പാര്‍ട്ടിയിലേക്കു ക്ഷണിച്ചതോടെയാണു ചര്‍ച്ചകള്‍ സജീവമായത്. വ്യാഴാഴ്ച ചേര്‍ന്ന ജെഎസ്എസ് നേതൃയോഗം സിപിഐ(എം) ലയനം അംഗീകരിക്കുകയും ചെയ്തു.
ഗൗരിയമ്മയുടെ പാര്‍ട്ടി പ്രവശനത്തോട് വിഎസ് അനൂകൂല നിലപാട് സ്വീകരിച്ചപ്പോള്‍ പിണറായി മിണ്ടാതിരുന്നത് ശ്രദ്ധേയമായി. നേരത്തെ തന്ന വിഎസ് ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തടസം നിന്നത് പിണറായിയായിരുന്നു. പിണറായിമാറി കോടിയേരി വന്നപ്പോഴാണ് വീണ്ടും ലയന ചര്‍ച്ചകള്‍ സജീവമായത്.പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖയായ ഗൗരിയമ്മയെ എത്രയും വേഗം പാര്‍ട്ടിയില്‍ മടക്കിയെത്തിക്കാനാണ് നീക്കം. ആലപ്പുഴയില്‍ സിപിഎമ്മിന് കരുത്തുപകരാന്‍ ഗൗരിയമ്മയുടെ സാന്നിധ്യത്തിനാകുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha