ജോര്‍ജിന്റെ നാവിന് ഉമ്മന്‍ചാണ്ടി വിലങ്ങിട്ടു; ഫലമുണ്ടായോന്ന് കണ്ടറിയാം, യുഡിഎഫില്‍ ഘടകകക്ഷിസ്ഥാനം മോഹിച്ച് ജോര്‍ജ്ജ്
മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന് ഉമ്മന്‍ചാണ്ടിയുടെ താക്കീത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും ചെളി വാരി എറിയുന്നത് നിര്‍ത്തിയാല്‍ ജോര്‍ജിനെ യുഡിഎഫില്‍ തുടരാന്‍ അനുവദിക്കാം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ പിരിച്ചു വിട്ട് ഇലക്ഷന് തയ്യാറെടുക്കുമെന്നും ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്കി.
പൂഞ്ഞാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജിന് യുഡിഎഫ് സീറ്റ് നല്കണമെങ്കില് വെടി നിര്‍ത്തല്‍ അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി താക്കീത് ചെയ്തു. പ്രശ്നം കൂടുതല്‍ വഷളാക്കാനാണ് ഉദ്ദേശമെങ്കില്‍ സീറ്റ് നല്കുന്ന കാര്യം ബുദ്ധിമുട്ടിലാകുമെന്നും ഉമ്മന്‍ചാണ്ടി നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പൂഞ്ഞാറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി.സി. ജോര്‍ജിന് കേരള കോണ്‍ഗ്രസ് സീറ്റ് അനുവദിക്കുന്ന കാര്യം സംശയമാണ്. അങ്ങനെയാണെങ്കില്‍ മാണി വിഭാഗത്തില്‍ നിന്നും പൂഞ്ഞാര്‍ സീറ്റ് വാങ്ങി മറ്റൊരു സീറ്റ് അവര്‍ക്ക് നല്‍കേണ്ടി വരും. ഇത് മാണി വിഭാഗം സമ്മതിച്ചെന്നിരിക്കും. ജോര്‍ജുമായി ഒരു കൂട്ടയടിക്ക് അവര്‍ നില്‍ക്കണമെന്നില്ല.
ജോര്‍ജും മാണിയും തമ്മിലുള്ള ലഹളയ്ക്ക് ശനിയാഴ്ചയോടെയാണ് അയവുണ്ടായത്. പി.സി.ജോര്‍ജും ജോസ് കെ മാണിയും രണ്ട് ചേരിയായി നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കെ എം മാണിയെ കുറിച്ച് വ്യാജമായ ആരോപണങ്ങള്‍ വരെ ജോര്‍ജ് ഉന്നയിക്കുകയുണ്ടായി.
പി.സി. ജോര്‍ജുമായി നേരിട്ട് ലഹളയ്ക്കില്ലെന്ന് നിലപാട് നേരത്തെ തന്നെ മാണി സ്വീകരിച്ചിരുന്നു. കാരണം ജോര്‍ജുമായി വഴക്കിനു നില്‍ക്കുന്നത് തന്റെ സ്ഥാനത്തിനും പ്രായത്തിനും യോജിച്ചതല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ചരക്കു സേവന നികുതി നടപ്പിലാക്കാനുള്ള അഖിലേന്ത്യാ സമിതിയുടെ അധ്യക്ഷ സ്ഥാനത്തെത്തിയ മാണി നയപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അന്ത്യശാസനം കേട്ട് ജോര്‍ജ് എത്രനാള്‍ മിണ്ടാതിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിക്ക് പോലുമറിയില്ല. എന്നാല്‍ യുഡിഎഫില്‍ ഘടകകക്ഷിസ്ഥാനം ആഗ്രഹിക്കുന്ന ജോര്‍ജിനെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടിയെ പിണക്കുന്നത് ബുദ്ധിയല്ല. ഇപ്പോള്‍ പി.സി. ജോര്‍ജിനെ സഹായിക്കുന്നതും ഉമ്മന്‍ചാണ്ടിയാണ്. ജോര്‍ജിനെ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് എല്‍ഡിഎഫ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha